• admin

  • February 26 , 2020

കൊല്ലം : കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപം നിര്‍മിക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം പൂര്‍ത്തീകരണത്തിലേക്ക്. അടുത്ത മാസം 20നകം കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കും. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിനോട് ചേര്‍ന്നുള്ള അഞ്ച് സെന്റ് റവന്യൂ ഭൂമിയിലാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് യാഥാര്‍ഥ്യമാകുന്നത്. വില്ലേജ് ഓഫീസര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേകം മുറികള്‍, വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് വിശ്രമമുറി, ഫയലുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക റെക്കോര്‍ഡ് റൂം, ശുചിമുറി എന്നീ സംവിധാനങ്ങളോടെയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 46 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. ആധുനിക സൗകര്യങ്ങളോടെ 1185 ചതുരശ്രയടിയില്‍ ഒറ്റനിലയിലായാണ് കെട്ടിടത്തിന്റെ രൂപകല്പന. നിര്‍മിതി കേന്ദ്രത്തിനാണ് മേല്‍നോട്ട ചുമതല. പൂര്‍ണമായും ഹരിത ചട്ടം പാലിച്ചു പ്രകൃതി സൗഹൃദ രീതിയിലാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസൊരുങ്ങുന്നത്. കൊട്ടാരക്കര മണ്ഡലത്തില്‍ മൂന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാണ് അനുവദിച്ചത്. മറ്റ് രണ്ടെണ്ണം വെളിയത്തും മാവടിയിലുമാണ്. വെളിയത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണവും പൂര്‍ത്തീകരണഘട്ടത്തിലാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടി വില്ലേജ് ഓഫീസുകള്‍ ഹൈടെക് ആകുന്നതോടെ സര്‍ക്കാര്‍ സംവിധാനം വഴി ജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കാന്‍ കഴിയുമെന്ന് പി അയിഷാ പോറ്റി എം എല്‍ എ പറഞ്ഞു. കൊട്ടാരക്കര മണ്ഡലത്തില്‍ ഒരു സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കൂടി അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.