• admin

  • February 27 , 2020

കുവൈത്ത്‌ സിറ്റി :

കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ മാർച്ച്‌ ഒന്നുമുതൽ കുവൈത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്കും രണ്ടാഴ്ചത്തേക്ക്‌ അവധി പ്രഖ്യാപിച്ചു. പ്രത്യേക മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. ദേശീയദിനാഘോഷത്തോടനുബന്ധിച്ച്‌ നിലവിൽ മാർച്ച്‌ ഒന്നുവരെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയാണ്.

ഇതുവരെയായി 26 പേർക്കാണ് രാജ്യത്ത് കോവിഡ്-19 ബാധ സ്ഥിരീകരിച്ചത്. ഇവർ മുഴുവനും കഴിഞ്ഞദിവസം ഇറാനിൽനിന്ന് ഒഴിപ്പിക്കലിന്റെ ഭാഗമായി എത്തിയ കുവൈത്ത്‌ എയർവേസ് വിമാനത്തിലെ യാത്രക്കാരാണ്. 126 പേരുള്ള ഈ സംഘത്തിലെ മുഴുവൻ യാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണു പാർപ്പിച്ചിരിക്കുന്നത്‌. അതുകൊണ്ടുതന്നെ രോഗം പടരാൻ സാധ്യത ഇല്ലാത്തതിനാൽ പൊതുജനങ്ങൾ ഭയക്കേണ്ട സാഹചര്യമില്ല. അതേസമയം, പ്രതിരോധം ശക്തമാക്കാൻ സർക്കാർ അടിയന്തരനടപടികൾ സ്വീകരിച്ചു.

കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റികൾ കേന്ദ്രീകരിച്ച്‌ കൂടുതൽ മുഖാവരണം വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം നടന്നുവരികയാണ്‌. കൂടാതെ മെഡിക്കൽ സ്റ്റോറുകളിൽ ഇവ ലഭ്യമാക്കാനും വില വർധിപ്പിക്കാതെ വിൽപ്പന നടത്താനും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.