• admin

  • January 18 , 2020

കൊല്ലം : കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നത് സംസ്ഥാനത്തെ സ്ത്രീകളുടെ സാമ്പത്തിക ഭദ്രതയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. വെട്ടിക്കവല സര്‍വീസ് സഹകരണ ബാങ്കില്‍ ലഘു ഗ്രാമീണ വായ്പാ പദ്ധതിയായ മുറ്റത്തെ മുല്ല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള ബാങ്കിന്റെ കൂടി പിന്തുണയോടെ ലഘു വായ്പാ പദ്ധതികള്‍ വഴി കുടുംബശ്രീ യൂണിറ്റുകളുടെ ശാക്തീകരണം ഉറപ്പാക്കാനാകും. യൂണിറ്റൊന്നിന് പരമാവധി 20 ലക്ഷം രൂപവരെ നല്‍കാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. തുക വിനിയോഗിച്ച് റോഡ് അറ്റകുറ്റപണി പോലുള്ള പ്രവൃത്തികള്‍ ഏറ്റെടുക്കാം. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം സംസ്ഥാനത്തിന് നിഷേധിക്കുന്ന സാഹചര്യത്തില്‍ തൊഴില്‍ വൈവിധ്യവത്കരണത്തിന് പ്രാധാന്യം ഏറെയാണ്. പുതിയവ കണ്ടെത്താന്‍ കുടുംബശ്രീ വനിതകള്‍ മുന്നിട്ടിറങ്ങണം. ഇതുവഴി സ്ത്രീശാക്തീകരണവും സാമ്പത്തികസുരക്ഷയുമാണ് നേടാനാകുക മന്ത്രി കൂട്ടിച്ചേര്‍ത്തു. വെട്ടിക്കവല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. അനോജ്കുമാര്‍ അധ്യക്ഷനായി.