• admin

  • January 30 , 2020

തൃശൂര്‍ : കുതിരാന്‍ തുരങ്കത്തിലെ പരീക്ഷണഗതാഗതം വിജയം. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ കുതിരാന്‍ തുരങ്കത്തിലൂടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിട്ടത്. പവര്‍ ഗ്രിഡിന്റെ ഭൂഗര്‍ഭ വൈദ്യുതിലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വരുംദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയുണ്ട്. കേബിളിടല്‍ രണ്ടുഘട്ടമായി നടത്തും. രണ്ടുദിവസം വാഹനം കടത്തിവിട്ടത് വിജയകരമെന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച അവലോകന യോഗം ഫെബ്രുവരി ഒന്നിന് തൃശൂര്‍ കലക്ടറേറ്റില്‍ ചേരും. തുടര്‍നടപടികള്‍ക്ക് യോഗം രൂപം നല്‍കും. പവര്‍ ഗ്രിഡിന്റെ വൈദ്യുതിലൈന്‍ കുതിരാന്‍ ഭാഗത്തെ ഒന്നരകിലോമീറ്റര്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസമെങ്കിലും വേണം. ഫെബ്രുവരി - മാര്‍ച്ച് മാസത്തില്‍ വാഹനങ്ങള്‍ തുരങ്കത്തിലൂടെ കടത്തിവിട്ടാണ് ഇതിന് സൗകര്യമൊരുക്കുക. ഒരുമാസംകൊണ്ട് പ്രദേശത്ത് പൂര്‍ണമായി ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ. തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന ചരക്കുവാഹനങ്ങളെ മാത്രമാണ് ബുധനാഴ്ച പാലക്കാട് -തൃശൂര്‍ പാതയിലെ ഇടതുതുരങ്കത്തിലൂടെ കടത്തിവിട്ടത്. രണ്ടുദിവസവും കുതിരാനില്‍ പവര്‍ ഗ്രിഡിന്റെ കേബിളിട്ടു. പണി നടക്കുമ്പോള്‍ ഒറ്റവരിയായി മാത്രമേ ഗതാഗതം നടത്താനാകു. ഇക്കാരണത്താല്‍ വ്യാഴാഴ്ച മുതല്‍ കുതിരാന്‍ ഭാഗത്ത് പണി നടക്കില്ല. തുരങ്കത്തിലൂടെ വാഹനം പോകുമ്പോള്‍ പൊടി ഉയര്‍ന്നു. ഇടയ്ക്കിടെ വെള്ളംതളിച്ച് പൊടി ഒഴിവാക്കിയാണ് ഗതാഗതം തുടര്‍ന്നത്. തുരങ്കത്തിനുള്ളില്‍നിന്ന് രൂക്ഷമായി പൊടി ഉയര്‍ന്നതിനാല്‍ ഒരുമണിക്കൂറോളം ഗതാഗതം നിര്‍ത്തിവയ്ക്കുകയും ചെയ്തു.