• admin

  • January 9 , 2020

:

കുട്ടികള്‍ക്ക് എല്ലാ പ്രതിരോധകുത്തിവെപ്പുകളും നല്‍കുന്നവരാണ് നമ്മള്‍ ഭൂരിഭാഗം പേരും. എന്നാല്‍ അഭ്യസ്തവിദ്യരായ അച്ഛനമ്മമാര്‍ക്കു പോലും ഓരോ കുത്തിവെപ്പും എന്തിനാണെന്നുള്ള ശരിയായ ബോധ്യമില്ലെന്നുള്ളതാണ്. ഇന്ന് നമ്മള്‍ ചര്‍ച്ചചെയ്യുന്നത് അതിനെപ്പറ്റിയാണ്. ഇതില്‍തന്നെ ഗവ. ആശുപത്രികളില്‍ സൗജന്യമായി കിട്ടുന്ന കുത്തിവെപ്പുകളും പ്രൈവറ്റ് ആശുപത്രികളില്‍ പോയി പൈസ കൊടുത്ത് എടുക്കുന്ന പ്രത്യേക കുത്തിവെപ്പുകളുമുണ്ട്. ഇന്ന് നമുക്ക് ഗവ. ആശുപത്രികളില്‍ കിട്ടുന്ന സൗജന്യകുത്തിവെപ്പുകളെക്കുറിച്ച് നോക്കാം.

ബി.സി.ജി.

കുട്ടികളില്‍ കണ്ടുവരുന്ന ചിലതരം ക്ഷയരോഗത്തിനെതിരേ സംരക്ഷണം നല്‍കുന്ന വാക്‌സിനാണ് ബി.സി.ജി. ടി.ബി. അണുക്കള്‍ ഉണ്ടാക്കുന്ന മെനിഞ്ചൈറ്റിസ്, ശ്വാസകോശത്തെ മുഴുവന്‍ ബാധിക്കുന്ന മിലിയറി ടി.ബി, എല്ലിനെ ബാധിക്കുന്ന ക്ഷയം എന്നിവയാണ് ഇവയില്‍ പ്രധാനം. എന്നാല്‍ ശ്വാസകോശങ്ങളെ ബാധിക്കുന്ന ഏറ്റവും സര്‍വസാധാരണമായി കണ്ടുവരുന്ന ക്ഷയരോഗത്തിന് ബി.സി.ജി. നൂറുശതമാനം സംരക്ഷണം നല്‍കുന്നില്ല. ചികിത്സിക്കാന്‍ വളരെയധികം ശ്രമകരമായ മുകളില്‍ പറഞ്ഞതരം ക്ഷയരോഗങ്ങളെയാണ് ഈ കുത്തിവെപ്പ് തടയുന്നത്. ഇത്തരം ക്ഷയരോഗങ്ങളും നമ്മുടെ ഇടയില്‍ അപൂര്‍വമല്ല. അതിനാല്‍ ഈ കുത്തിവെപ്പ് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ജനിച്ച് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു പോകുന്നതിനുമുമ്പുതന്നെ ഈ കുത്തിവെപ്പ് കൊടുക്കാറുണ്ട്. ഒരു ഡോസ് മാത്രമേ കൊടുക്കേണ്ടതുള്ളൂ. ഇടതുകൈയുടെ മുകള്‍ഭാഗത്തായി തൊലിക്കടിയിലായാണ് ഈ ഇന്‍ജെക്ഷന്‍ നല്കുന്നത്. ഒരുമാസം കഴിയുമ്പോഴേക്കും ഇത് ഒരു കുമിളയായി പഴുത്തുപൊട്ടും. രണ്ടുമാസം കഴിയുമ്പോഴേക്കും ഒരു കലയായി മാറിയിട്ടുണ്ടാകും. ഇതാണ് ശരിയായ ബി.സി.ജി. കുത്തിവെപ്പിന്റെ രീതി. ഇപ്പറഞ്ഞ രീതിയില്‍ കല/ പാട് വന്നില്ലെങ്കില്‍ ആ കുത്തിവെപ്പ് ഫലവത്തായതായി കണക്കാക്കാന്‍ സാധിക്കില്ല. അഞ്ചില്‍ കുറവാണു പ്രായമെങ്കില്‍ ഈ കുത്തിവെപ്പ് ഒന്നുകൂടി എടുക്കേണ്ടതാണ്.

ഡി.പി. ടി

തൊണ്ടമുള്ള് (ഡിഫ്തീരിയ ), വില്ലന്‍ ചുമ (പെര്‍ട്ടൂസിസ് ) , ടെറ്റനസ് എന്നീ മാരകരോഗങ്ങള്‍ക്കെതിരേ എടുക്കേണ്ട കുത്തിവെപ്പാണിത്. ഇത് ട്രിപ്പിള്‍ വാക്‌സിന്‍ എന്നും അറിയപ്പെടുന്നു. മൂന്നു പ്രാഥമിക ഡോസുകളും രണ്ടു ബൂസ്റ്റര്‍ ഡോസുമാണ് കൊടുക്കേണ്ടത്. പ്രാഥമിക ഡോസുകള്‍ 6, 10, 14 ആഴ്ചകളിലും ബൂസ്റ്ററുകള്‍ ഒന്നര വയസ്സിലും നാലരവയസ്സിലും. ഇപ്പോള്‍ ഈ ഇന്‍ജെക്ഷന്‍ ഒറ്റയ്ക്കല്ല കൊടുക്കുന്നത്. പെന്റാവാലന്റ് ഇഞ്ചക്ഷന്റെ ഭാഗമായാണ്. എടുക്കേണ്ടസമയത് എടുക്കാന്‍ കഴിയാതെപോയ കുട്ടികളില്‍ ഏഴു വയസ്സ് വരെ ഇത് നല്‍കാവുന്നതാണ്.

കുത്തിവെപ്പ് നല്‍കാത്തതിനാല്‍ തൊണ്ടമുള്ള് ബാധിച്ച് കുഞ്ഞുങ്ങളെ മരണം കവര്‍ന്നത് നാം മറക്കാനിടയില്ല. ടെറ്റനസ്സിന്റെ കാര്യവും മറിച്ചല്ല.. ഈ രോഗങ്ങളെല്ലാം പിടിപെട്ടുകഴിഞ്ഞാല്‍ ചികിത്സിച്ചുഭേദമാക്കാന്‍ വളരെയധികം ബുദ്ധിമുട്ടുള്ളവയാണ്.

ഒ.പി.വി. (പോളിയോ വാക്‌സിന്‍)

വായില്‍ തുള്ളിമരുന്നായി നല്‍കുന്ന പോളിയോ വാക്‌സിന്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ ഉടനെയും അതിനുശേഷം ട്രിപ്പിള്‍ വാക്‌സിന്റെകൂടെയും പിന്നെ ഓരോ തവണയും പള്‍സ് പോളിയോ ദിനങ്ങളിലും ഇത് നല്‍കേണ്ടതുണ്ട്. ഇപ്പോള്‍ ഇന്‍ജെക്ഷന്‍ ആയി എടുക്കുന്ന പോളിയോ വാക്‌സിന്‍ ലഭ്യമാണ്. അധികവും ഗവണ്മെന്റ് ആശുപത്രികളില്‍ അതാണ് ഇപ്പോള്‍ നല്‍കിവരുന്നത്. അതെടുത്താല്‍പ്പിന്നെ വായില്‍ക്കൂടി നല്‍കുന്ന തുള്ളിമരുന്നിന്റെ ആവശ്യമില്ല. ഏതെങ്കിലും ഒന്ന് നല്‍കിയാല്‍ മതിയാകും.

എന്നാല്‍ പള്‍സ് പോളിയോ എല്ലാ കുട്ടികള്‍ക്കും കൊടുക്കേണ്ടത് അനിവാര്യമാണ്. കാര്‍ഡില്‍ കാണുന്ന എല്ലാ കുത്തിവെപ്പുകളുമെടുത്ത കുട്ടികള്‍ക്ക് പള്‍സ് പോളിയോ കൊടുക്കണമോ എന്ന സംശയവും വേണ്ട, കൊടുക്കണം. പള്‍സ് പോളിയോ കൊടുക്കുന്നത് വഴി നാം ആ കുട്ടിയെ മാത്രമല്ല ആ പരിസരത്തുള്ള കുട്ടികളെ മൊത്തമാണ് സംരക്ഷിക്കുന്നത്. എങ്ങനെ എന്നല്ലേ? പറയാം. പള്‍സ് പോളിയോ കൊടുക്കുന്നത് കൊല്ലത്തില്‍ സാധാരണയായി രണ്ടുഘട്ടമായാണ്. ഈ സമയങ്ങളിലാണ് ഏറ്റവും കൂടുതലായി പോളിയോ വൈറസുകള്‍ പടര്‍ന്നുപിടിക്കുന്നത്. ഇത് ജനുവരി  ഫെബ്രുവരിയിലും അതുപോലെ ഒക്ടോബര്‍  നവംബര്‍ മാസങ്ങളിലുമാണ്. ഒരുമിച്ച് എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കുക വഴി നാം ചെയ്യുന്നത് അവരുടെ ശരീരത്തിലേക്ക് കുറഞ്ഞ അളവില്‍ 'വാക്‌സിന്‍ വൈറസിനെ' കടത്തിവിടുകയാണ്. ഈ വാക്‌സിന്‍ വൈറസിന് പോളിയോ രോഗമുണ്ടാക്കാനുള്ള കഴിവില്ല. എന്നാല്‍ ഈ വൈറസ് കുട്ടികളുടെ മലംവഴി പുറമേക്ക് വിസര്‍ജിക്കപ്പെടുന്നു. ഇത് പരിസരത്തില്‍ തുള്ളിമരുന്ന് കൊടുക്കാത്ത കുട്ടികളിലേക്കും വ്യാപിക്കുന്നു. അങ്ങനെ ഒരു പ്രദേശത്തെ കുട്ടികളിലെല്ലാം വാക്‌സിന്‍ വൈറസ് പടരുന്നു. ഈ വൈറസിന് പോളിയോ രോഗമുണ്ടാക്കുന്ന 'വൈല്‍ഡ് പോളിയോ വൈറസ്' നെ ചെറുത്തുനില്‍ക്കാനും അവ കുട്ടികളുടെ ശരീരത്തില്‍ കടക്കുന്നത് തടയാനുമുള്ള കഴിവുണ്ട്. തത്ഫലമായി ഈ കുട്ടികള്‍ക്ക് ( എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും) പോളിയോ രോഗത്തില്‍നിന്ന് സംരക്ഷണവും ലഭിക്കുന്നു. അതിനാല്‍ പള്‍സ് പോളിയോ നാം നിര്‍ബന്ധമായും കൊടുക്കേണ്ടതാണ്.

ഹിബ് വാക്‌സിന്‍

ഹീമോഫിലസ് ഇന്‍ഫ്‌ലുവെന്‍സ ബി രോഗം ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ആദ്യ അഞ്ചു വയസ്സിനുള്ളിലാണ്. അതില്‍തന്നെ ആദ്യവര്‍ഷമാണ് ഏറ്റവും സാധ്യത. ഈ ബാക്ടീരിയ ഉണ്ടാക്കുന്ന സാരമായ അസുഖങ്ങള്‍ പ്രധാനമായും മെനിഞ്ചറ്റീസ്, ന്യുമോണിയ എന്നിവയാണ്. അതായത് തലച്ചോറിനെയും ശ്വാസകോശങ്ങളെയുമാണ് ബാധിക്കുന്നത് എന്നര്‍ഥം. ട്രിപ്പിള്‍ വാക്‌സിന്റെ കൂടെത്തന്നെയാണ് ഹിബ് വാക്‌സിനും നല്‍കേണ്ടത്. അതായത് 6, 10, 14 ആഴ്ചകളിലും പിന്നീട് ഒന്നരവയസ്സില്‍ ബൂസ്റ്ററായും. ഈ വാക്‌സിനും പെന്റാവാലന്റ് വാക്‌സിനില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

ഹെപ്പറ്റൈറ്റിസ് ബി

രക്തത്തിലൂടെയും മറ്റും പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് ബി. കരളിനെ ബാധിക്കുന്ന മാരകരോഗമാണിത്. ഇത് പലപ്പോഴും കരളിലെ കാന്‍സര്‍വരെ ആയി മാറാറുണ്ട്. ജനിച്ച ഉടനെയുള്ള ആദ്യമണിക്കൂറുകളില്‍ നല്‍കേണ്ട വാക്‌സിന്‍ ആണിത്. പിന്നീട് ആഴ്ചകളിലായി അടുത്ത ഡോസുകളും കൊടുക്കേണ്ടതുണ്ട്.

പെന്റാവാലന്റ് വാക്‌സിന്‍

ഇതൊരു പ്രത്യേക അസുഖത്തിനെതിരേയുള്ള വാക്‌സിന്‍ അല്ല. മൂന്നു വാക്‌സിനുകള്‍ ചേര്‍ന്ന ഒരൊറ്റ ഇന്‍ജെക്ഷന്‍ ആണ് പെന്റാവാലന്റ്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള വാക്‌സിനുകള്‍  ഡി.പി.ടി, ഹിബ്, ഹെപ്പറ്റൈറ്റിസ് ബി എന്നിവയാണ്. മുമ്പൊക്കെ ഇത്രയും ഇഞ്ചെക്ഷനുകള്‍ വേറെ വേറെ ആണ് കൊടുത്തിരുന്നത്. അത്രയുംതവണ സൂചി വെക്കുന്നതിന്റെ ബുദ്ധിമുട്ടു മാത്രമല്ല, പലതവണയായി ആശുപത്രികളില്‍ വരേണ്ട ആവശ്യവും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പല കുട്ടികളും പല വാക്‌സിനുകളും എടുക്കാതെ വിട്ടുപോകുമായിരുന്നു. അതിന്റെ പരിഹാരമായാണ് പെന്റാവാലന്റ് വാക്‌സിന്‍ വന്നത്. അതുമൂലം ഒരൊറ്റ സൂചിയില്‍തന്നെ മൂന്നു ഇഞ്ചെക്ഷനുകള്‍ കുട്ടിക്ക് നല്‍കാനാകുന്നു. ഇത് എല്ലാ ഗവണ്മെന്റ് ആശുപത്രികളിലും ഇന്ന് ലഭ്യമാണ്. 6, 10, 14 ആഴ്ചകളിലാണ് പ്രാഥമികഡോസ് കൊടുക്കേണ്ടത്.

റോട്ടാവൈറല്‍ വാക്‌സിന്‍

സര്‍ക്കാര്‍ പ്രതിരോധ കുത്തിവെപ്പുകളില്‍ ഏറ്റവും പുതിയതായി കൂട്ടിച്ചേര്‍ത്ത വാക്‌സിന്‍ ആണിത്. കുട്ടികളിലെ വയറിളക്കരോഗത്തിനു കാരണമാകുന്ന റോട്ട വൈറസിന് എതിരേയുള്ളത്. പിന്നാക്കസംസ്ഥാനങ്ങളില്‍ ശിശുമരണങ്ങളുടെ പ്രധാന കാരണക്കാരന്‍ ഇന്നും വയറിളക്കരോഗമാണ്. അത് ഏറ്റവുംകൂടുതല്‍ ഉണ്ടാക്കുന്നതോ, റോട്ടാവൈറസ്സും. അതുകൊണ്ടുതന്നെയാണ് ഇന്ന് സൗജന്യമായി ഗവണ്മെന്റ് അത് കൊടുത്തുതുടങ്ങിയിരിക്കുന്നത്. വായില്‍ക്കൂടി കൊടുക്കുന്ന തുള്ളിമരുന്നായാണ് ഇത് നല്‍കുന്നത്. 6, 10, 14 ആഴ്ചകളിലായാണ് മൂന്നു ഡോസ് ആയി ഇത് കൊടുക്കുന്നത്.

എം.എം. ആര്‍.

മുണ്ടിനീര്, അഞ്ചാംപനി, റൂബെല്ല പനി എന്നിവയ്‌ക്കെതിരേ ആണ് ഈ കുത്തിവെപ്പ്. ഇത് ആദ്യ ഡോസ് പത്താം മാസത്തിന്റെ തുടക്കത്തിലും രണ്ടാം ഡോസ് പതിനഞ്ചാം മാസത്തിലും മൂന്നാം ഡോസ് നാല് വയസ്സിനുശേഷവുമാണ് കൊടുക്കേണ്ടത്. ചില സന്ദര്‍ഭങ്ങളില്‍ ഗവണ്മെന്റ് ആശുപത്രികളില്‍ ഇതിന്റെ ലഭ്യത കുറയാറുണ്ട്. അപ്പോള്‍ എം.ആര്‍. വാക്‌സിന്‍ ആണ് ഇതിനുപകരമായി നല്‍കാറുള്ളത്.

ടി.ടി. ഇന്‍ജെക്ഷന്‍

ടെറ്റനസ് രോഗത്തില്‍നിന്നുള്ള സംരക്ഷണത്തിനാണ് ഈ ഇന്‍ജെക്ഷന്‍ എടുക്കേണ്ടത്. പത്തു വയസ്സിലാണ് ഇത് കൊടുക്കുന്നത്.

ഇത്രയുമാണ് ഗവണ്മെന്റ് ആശുപത്രിയില്‍നിന്നുള്ള പ്രതിരോധ കുത്തിവെപ്പുകള്‍. എന്നാല്‍ ഇതിനുപുറമെ അനവധി വാക്‌സിനുകള്‍ വേറെയും ലഭ്യമാണ്. എന്നാല്‍ കൊടുക്കാന്‍ സ്വകാര്യാശുപത്രികളെ ആശ്രയിക്കണമെന്നു മാത്രം. അത് മാത്രമല്ല, അവ സൗജന്യവുമല്ല.