• admin

  • February 1 , 2020

ന്യൂഡല്‍ഹി :

കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് 16 കര്‍മ പരിപാടികളുമായി കേന്ദ്രബജറ്റ്. കര്‍ഷകരുടെ വരുമാനം രണ്ടുവര്‍ഷം കൊണ്ട് ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് 2.83 ലക്ഷം കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 

എളുപ്പം കേടായി പോകുന്ന സാധനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് റെയില്‍വേയുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കും. കിസാന്‍ റെയില്‍ എന്ന പേരിലുളള പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുക. ട്രെയിനുകളില്‍ കര്‍ഷകര്‍ക്കായി കാര്‍ഷികോല്‍പ്പന്നങ്ങള്‍
കൊണ്ടുപോകാന്‍ പ്രത്യേക കോച്ചുകള്‍ അനുവദിച്ചാണ് ഇത് യാഥാര്‍ത്ഥ്യമാക്കുക. ശീതികരിച്ച കോച്ചുകളാണ് അനുവദിക്കുക. ഇതിലൂടെ എളുപ്പം കേടാവുന്ന പച്ചക്കറികള്‍ ഉള്‍പ്പെടെയുളള ഉല്‍പ്പനങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്ന് നിര്‍മ്മല പറഞ്ഞു.

കര്‍ഷകര്‍ക്കായി രാജ്യാന്തര വിപണി ലക്ഷ്യമിട്ട് പ്രത്യേക പദ്ധതിക്കും രൂപം നല്‍കും. വ്യോമമേഖലയുടെ സഹകരണത്തോടെ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ക്ഷീരോല്‍പ്പാദനം  മത്സ്യോല്‍പ്പാദനവും ഇരട്ടിയാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ പാലിക്കണമെന്ന് ബജറ്റില്‍ നിര്‍ദേശിക്കുന്നു. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കും. ജലദൗര്‍ലഭ്യം നേരിടുന്ന 100 ജില്ലകള്‍ക്ക് പ്രത്യേക പദ്ധതിയും ബജറ്റ് നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു.

മൂന്നു തൂണുകളെ അടിസ്ഥാനമാക്കിയാണ് ബജറ്റെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കരുതല്‍, സാമ്പത്തിക മുന്നേറ്റം, ഉന്നമനം എന്നിവയെ അടിസ്ഥാനമാക്കിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ചരക്കുസേവന നികുതിയെ ചരിത്രപരമായ പരിഷ്‌കാരമെന്നാണ് ധനമന്ത്രി വിശേഷിപ്പിച്ചത്.

രാജ്യത്തെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നതാണ് ഈ ബജറ്റെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ജനങ്ങളുടെ വാങ്ങല്‍ശേഷിയും, വരുമാനവും വര്‍ധിപ്പിക്കാന്‍ സഹായകമാകുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ അടങ്ങിയിട്ടുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണവേളയുടെ തുടക്കത്തിലാണ് നിര്‍മ്മലയുടെ ഈ വാക്കുകള്‍.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന് നിര്‍മ്മല പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷ കാലയളവില്‍ ബാങ്കുകള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കിട്ടാാക്കടമായിരുന്നു. ഇത് കുറച്ചു കൊണ്ടുവരാന്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചതെന്നും നിര്‍മ്മല പറഞ്ഞു.