• admin

  • February 5 , 2020

തിരുവനന്തപുരം : ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ചിന്റെ ത്രിദിന വാര്‍ഷിക സമ്മേളനം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 5,6,7 തിയതികളില്‍ കോവളം ഹോട്ടല്‍ ഉദയസമുദ്രയില്‍ നടക്കും. അര്‍ബുദഗവേഷണ രംഗത്തെ പുത്തന്‍ പ്രവണതകളുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഈ സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടും. രാജ്യത്തിനകത്തെയും പുറത്തെയും അര്‍ബുദ ഗവേഷകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, ബൗദ്ധികാവകാശ വിദഗ്ധര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 'അര്‍ബുദത്തിനെതിരെയുള്ള പോരാട്ടം നയിക്കുക' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. രാജ്യത്തെ അര്‍ബുദ ഗവേഷണങ്ങള്‍ ഗണ്യമായ പുരോഗതി കൈവരിച്ച അവസരത്തിലാണ് ഈ സമ്മേളനം കേരളത്തില്‍ നടക്കുന്നതെന്ന് ഐഎസിആറിന്റെ പ്രസിഡന്റും ആര്‍ജിസിബിയുടെ ഡയറക്ടറുമായ പ്രൊഫ. എം രാധാകൃഷ്ണപിള്ള ചൂണ്ടിക്കാട്ടി. മികച്ച നേട്ടങ്ങളും ശാസ്ത്രീയമായി തെളിയിച്ച പരിശോധനാരീതികളും ചികിത്സാ സമ്പ്രദായങ്ങളും ഈ സമ്മേളനത്തില്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഗവേഷണത്തില്‍ ഉരുത്തിരിഞ്ഞിട്ടുള്ള നേട്ടങ്ങള്‍ അര്‍ബുദ രോഗത്തിനെതിരായ പോരാട്ടത്തില്‍ എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന ചര്‍ച്ചയും സമ്മേളനത്തില്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗര്‍ഭാശയമുഖ കാന്‍സര്‍ ഉള്‍പ്പെടെയുള്ളവുടെ ചികിത്സയില്‍ തന്‍മാത്രാ സംവിധാനം മനസിലാക്കുന്നതിലും നൂതന ചികിത്സാ മാര്‍ഗങ്ങള്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ നവീന രീതികള്‍ കൊണ്ടു വരുന്നതിലും ആര്‍ജിസിബിയുടെ സംഭാവനകള്‍ പ്രധാനമാണെന്നദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിദഗ്ധര്‍ക്കു പുറമെ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, പോസ്റ്റ് ഡോക്ടറല്‍ ഫെലോകള്‍, തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അര്‍ബുദത്തെ അതിജീവിച്ച പ്രശസ്ത സിനിമാതാരം മംമ്ത മോഹന്‍ദാസ്, റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ രണ്ട് സീനിയര്‍ ഡോക്ടര്‍മാര്‍ എന്നിവര്‍ തങ്ങളുടെ അനുഭവം സമ്മേളനത്തില്‍ പങ്ക് വയ്ക്കും. ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. സൗമ്യ സ്വാമിനാഥന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും. 450 അര്‍ബുദ ഗവേഷകരും ഡോക്ടര്‍മാരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.