• Lisha Mary

  • March 8 , 2020

മെല്‍ബണ്‍ : ഓസ്ട്രേലിയക്ക് അഞ്ചാം ട്വന്റി 20 ലോകകപ്പ് കിരീടം. ഫൈനലില്‍ ഇന്ത്യയെ 85 റണ്‍സിന് തകര്‍ത്താണ് ഓസീസ് കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യയുടെ കന്നി വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലായിരുന്നു ഇത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.1 ഓവറില്‍ 99 റണ്‍സിന് ഓള്‍ഔട്ടായി. ഇന്നിങ്സിന്റെ മൂന്നാം പന്തില്‍ തന്നെ വെടിക്കെട്ട് താരം ഷഫാലി വര്‍മയെ (2) നഷ്ടമായ ഇന്ത്യയ്ക്ക് പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ഇതിനിടെ താനിയ ഭാട്ടിയ പരിക്കേറ്റ് മടങ്ങിയതും തിരിച്ചടിയായി. ജെസ് ജൊനാസന്റെ പന്ത് ഹെല്‍മറ്റിലിടിച്ച താനിയ വേദന കലശലായതോടെ ക്രീസ് വിടുകയായിരുന്നു. സ്മൃതി മന്ദാന (11), ജെമീമ റോഡ്രിഗസ് (0), ഹര്‍മന്‍പ്രീത് കൗര്‍ (4) എന്നിവരരെല്ലാം തന്നെ നിരാശപ്പെടുത്തി. ദീപ്തി ശര്‍മ (33), റിച്ച ഘോഷ് (18), വേദ കൃഷ്ണമൂര്‍ത്തി (19) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഓസീസിനായി മേഗന്‍ ഷുട്ട് നാലു വിക്കറ്റ് വീഴ്ത്തി. ജെസ്സ് ജൊനാസ്സന്‍ മൂന്നും. നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസീസ് ഓപ്പണിങ് വിക്കറ്റില്‍ അടിച്ചുതകര്‍ത്ത അലീസ ഹീലിയുടെയും ബെത്ത് മൂണിയും മികവിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തത്. ഓപ്പണര്‍ അലീസ ഹീലി തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമേല്‍ കത്തിക്കയറി. വെറും 39 പന്തുകള്‍ നേരിട്ട ഹീലി അഞ്ചു സിക്സും ഏഴു ഫോറുമടക്കം 75 റണ്‍സെടുത്താണ് പുറത്തായത്. പതിയെ തുടങ്ങിയ മൂണി പിന്നീട് അടിച്ചുതകര്‍ത്തു. 54 പന്തുകള്‍ നേരിട്ട താരം 10 ഫോറുകളടക്കം 78 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ മെഗ് ലാന്നിങ് (16), ആഷ്ലി ഗാര്‍ഡ്നര്‍ (2), റേച്ചല്‍ ഹായ്നസ് (4) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ രണ്ടു വിക്കറ്റ് വീഴ്ത്തി. ദീപ്തി ശര്‍മയെറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ രണ്ടു ഫോറുകളോടെ മികച്ച തുടക്കമിട്ട ഹീലിയെ ആദ്യ ഓവറില്‍ ഷെഫാലി വര്‍മയും പിന്നീട് രാജേശ്വരി ഗെയ്ക്വാദും വിട്ടുകളഞ്ഞത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.