കൊച്ചി :
കൊല്ലം എസ്.എന്‍. കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറി കേസില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണ റിപ്പോര്‍ട്ട് അന്തിമ അനുമതിക്കായി ക്രൈം ബ്രാഞ്ച് മേധാവിക്ക് സമര്‍പ്പിച്ചു. കേസില്‍ കുറ്റപത്രം നല്‍കണോ അതോ കൂടുതല്‍ അന്വേഷണം വേണോ എന്ന് ക്രൈം ബ്രാഞ്ച് മേധാവിയുടെ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും. അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊല്ലം എസ്.എന്‍. കോളേജിലെ സുവര്‍ണ ജൂബിലി ഫണ്ട് വകമാറ്റിയെന്നാണ് വെള്ളാപ്പള്ളി നടേശനെതിരായ ആരോപണം. 2004ല്‍ കോടതി നിര്‍ദേശപ്രകാരം തുടങ്ങിയ അന്വേഷണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. അന്തിമ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് മേധാവിയുടെ അനുമതിക്കായി സമര്‍പ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് ഇടക്കാല ഉത്തരവില്‍ കോടതി രേഖപ്പെടുത്തി.
ക്രൈം ബ്രാഞ്ച് മേധാവിയുടെ അനുമതിയോടെ കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാകും. കുറ്റപത്രത്തിന് അനുമതി ലഭിച്ചാല്‍ വെള്ളാപ്പള്ളി നടേശന് എതിരായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. മറിച്ച് കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ശുപാര്‍ശയാണ് വരുന്നതെങ്കില്‍ അക്കാര്യം ഹൈക്കോടതിയെ അറിയിക്കും.
കേസ് അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തിയെങ്കിലും തുടര്‍നടപടികള്‍ വൈകിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി വന്നത്. അന്തിമ റിപ്പോര്‍ട്ട് തയ്യാറായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതോടെ, അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അടക്കമുള്ള റിപ്പോര്‍ട്ട് കൈമാറാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
1997-98ല്‍ കൊല്ലം എസ്.എന്‍. കോളേജിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ളക്സും നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താന്‍ എക്സിബിഷനും പിരിവും നടത്തി. കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന സുവര്‍ണ ജൂബിലി ഫണ്ട് വെള്ളാപ്പള്ളി നടേശന് വകമാറ്റിയെന്നാണ് പരാതി. പതിനഞ്ചു വര്‍ഷം മുമ്പ് തുടങ്ങിയ അന്വേഷണമാണ് ക്രൈം ബ്രാഞ്ച് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി