കായിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി എല്ലാ ജില്ലകളിലും ജി വി രാജ മോഡല്‍ സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ സ്ഥാപിക്കുമെന്ന് കായികമന്ത്രി ഇ പി ജയരാജന്‍. കൊല്ലത്തെ ന്യൂ ഹോക്കി സ്റ്റേഡിയത്തിന്റെ രണ്ടാം നിലയില്‍ ആരംഭിച്ച സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുക, ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് കായികതാരങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഈ ഫിറ്റ്‌നസ് സെന്ററിനുള്ളത്. കായിക താരങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, ദിനബത്ത എന്നിവ ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് നല്‍കും. സംസ്ഥാനത്ത് ആയിരം കോടി രൂപാ ചെലവില്‍ 44 മള്‍ട്ടിപര്‍പസ് ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നുണ്ട്. തദ്ദേശ സ്ഥാപനതലങ്ങളിലും  സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ഇന്റര്‍ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഗോള്‍ഡ് മെഡല്‍ ജേതാക്കളെയും ദോഹ ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത സയന, മുകുന്ദന്‍ എന്നീ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിദ്യാര്‍ഥികളെയും കായിക-യുവജനകാര്യ വകുപ്പ് ഉദ്യോഗസ്ഥരെയും വേദിയില്‍ ആദരിച്ചു. 54 ലക്ഷം രൂപാ ചെലവില്‍ പതിനയ്യായിരം ചതുരശ്ര അടിയില്‍ പൂര്‍ത്തിയാക്കിയ സെന്ററില്‍ അത്യാധുനിക ഫിറ്റ്‌നസ് സജ്ജീകരണങ്ങളായ  പ്ലേറ്റ് ലോഡഡ്, ശാരീരികക്ഷമത വര്‍ധിപ്പിക്കുന്ന പിന്‍ ലോഡഡ്,  കാര്‍ഡിയോ ഉപകരണങ്ങള്‍, ലോക്കറുകള്‍, ശീതീകരണ സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. കായികയുവജനകാര്യ വകുപ്പിന് കീഴിലുള്ള എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഫിറ്റ്‌നസ് സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ എം മുകേഷ് എം എല്‍ എ അധ്യക്ഷനായി.