• admin

  • March 4 , 2020

ജയ്പുര്‍ :

ഡല്‍ഹിയില്‍ കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയന്‍ വിനോദസഞ്ചാരികള്‍ രോഗം സ്ഥിരീകരിക്കുന്നതിന് മുന്‍പ് ആറ് ജില്ലകള്‍ സന്ദര്‍ശിച്ചതായി അധികൃതര്‍.

ഫെബ്രുവരി 21നാണ് ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ ദമ്പതികള്‍ ഉള്‍പ്പെടെ 21 അംഗ സംഘം ഡല്‍ഹിയിലെത്തിയത്. പ്രാദേശിക ട്രാവല്‍ ഏജന്റ് ഏര്‍പ്പെടുത്തിയ ബസ്സില്‍ 21ന് തന്നെ ഇവര്‍ രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെത്തി. അടുത്ത ആറ് ദിവസങ്ങളിലായി ബിക്കാനീര്‍, ജയ്‌സാല്‍മീര്‍, ജോധ്പുര്‍, ഉദയ്പുര്‍ എന്നീ ജില്ലകളില്‍ സന്ദര്‍ശനം നടത്തി, ഫെബ്രുവരി 28ന് തിരിച്ച് ജയ്പുരിലെത്തി. 

അതിനിടെയാണ് സംഘത്തിലൊരാള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങിയത്. ഇയാളെ ജയ്പുരിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ പിന്നീട് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. അടുത്തദിവസം നടത്തിയ പരിശോധനയില്‍ ഇയാളുടെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചു. 

രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംഘത്തിലെ ബാക്കിയുള്ളവരും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മാര്‍ച്ച് 1ന് ആഗ്രയിലെത്തിയ ബാക്കിയുള്ളവരെ ചാവ്‌ലയിലെ ഐ.ടി.ബി.പി ക്യാമ്പിലേക്ക് മാറ്റി. ആദ്യഘട്ടത്തില്‍ ഇവരുടെ സ്രവപരിശോധന നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാംഘട്ട ഫലത്തില്‍ സംഘത്തിലെ പതിനഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

പരിശോധനഫലം പോസിറ്റീവ് ആണെന്ന് പുറത്തുവന്നതോടെ ആരോഗ്യവകുപ്പ് പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കി. വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ച എല്ലാ ജില്ലകളിലും ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങളും നിരീക്ഷണവും ഏര്‍പ്പെടുത്തി. സംഘവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ രാജസ്ഥാനിലും ഡല്‍ഹിയിലും രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്.