• admin

  • January 5 , 2020

വാഷിങ്ടണ്‍ : വാഷിങ്ടണ്‍ : സുലൈമാനിയുടെ വധത്തിന്റെ പേരില്‍ അമേരിക്കയ്ക്ക് നേരെ ഇറാന്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പൗരന്മാരെയോ വസ്തുവകകളെയോ ഇറാന്‍ ലക്ഷ്യം വെച്ചാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങള്‍ അമേരിക്കയുടെ നിരീക്ഷണ വലയത്തിലാണെന്നും ഈ കേന്ദ്രങ്ങളില്‍ അതിശക്തമായ ആക്രമണമാണ് ഉണ്ടാകുകയെന്നും ട്രംപ് പറഞ്ഞു. സൈനിക മേധാവിയുടെ മരണത്തിന് അമേരിക്കയ്ക്ക് നേരെ തിരിച്ചടിക്കുമെന്നാണ് ഇറാന്‍ പറയുന്നത്. എന്നാല്‍ അമേരിക്ക ലക്ഷ്യം വെച്ച 52 കേന്ദ്രങ്ങളില്‍, പലതും ഇറാനും ഇറാന്‍ സംസ്‌കാരത്തിനും വളരെ പ്രധാനപ്പെട്ടതാണ്. ടെഹ്റാന്‍ അമേരിക്കയ്ക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാല്‍ ഈ കേന്ദ്രങ്ങള്‍ക്ക് കഠിനമായ നാശമുണ്ടാകുമെന്നാണ് ട്രംപ് ട്വീറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുമെന്ന സൂചനയാണ് ട്രംപിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. മുമ്പ് ഇറാനിലെ യുഎസ് എംബസി വളഞ്ഞ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് അമേരിക്ക 52 ഇറാന്‍ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം 52 പേരെയാണ് 1979 ല്‍ ഇറാനിലെ മൗലികവാദികള്‍ ബന്ദികളാക്കിയത്. ഇറാന്‍-അമേരിക്ക ബന്ധം ഏറ്റവും വഷളാക്കിയത് ഈ സംഭവമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.