• Lisha Mary

  • March 18 , 2020

തിരുവനന്തപുരം : കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ എടുക്കുന്ന എല്ലാ മുന്‍കരുതല്‍ നടപടികളുമായി സഹകരിക്കുമെന്ന് മതനേതാക്കള്‍ ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. രോഗം പടരുന്ന സ്ഥിതി ഉണ്ടായാല്‍ ഗുരുതര പ്രത്യാഘാതമാവും ഉണ്ടാവുക. സംസ്ഥാനത്തെ ആരാധാനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനായി മത-സാമുദായിക നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. മികച്ച പിന്തുണയും പ്രതികരണവുമാണ് അവര്‍ തന്നത്. മതപരമായ ചടങ്ങുകള്‍, പ്രാര്‍ത്ഥനകള്‍ തുടങ്ങിയ പരിപാടികളില്‍ വലിയ ആള്‍ക്കൂട്ടമാണ് ഉണ്ടാവുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ അത്തരം ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കണമെന്നാണ് പൊതുഅഭിപ്രായം. ഇത്തരം പരിപാടികള്‍ ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഈ അഭിപ്രായത്തെ മതനേതാക്കള്‍ പിന്തുണച്ചു. എല്ലാ ഉത്സവങ്ങളും മറ്റ് പരിപാടികളും പരിമിതപ്പെടുത്തേണ്ടതായി വരും. വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ മാതൃകാപരമായ ഇടപെടലുകളാണ് നേരത്തെ തന്നെ ആരംഭിച്ചത്. പത്തിലധികം ആളുകള്‍ ഒരു ആരാധനാലയത്തിലും വേണ്ടെന്നാണ് അവിടുത്തെ മതസംഘടനകളുടെ തീരുമാനം. പലയിടത്തും ഉത്സവങ്ങള്‍, പെരുന്നാള്‍, തുടങ്ങിയ ചടങ്ങുകള്‍ ഇതിനോടകം നിയന്ത്രിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തില്‍ ജനപങ്കാളിത്തം കുറയ്ക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ ഉറപ്പ് നല്‍കി. ആള്‍ക്കൂട്ടത്തില്‍ ചേരുന്നത് ഒഴിവാക്കണമെന്നാണ് ജനങ്ങളോടും സര്‍ക്കാരിന് നിര്‍ദേശിക്കാനുള്ളത്. ആരാധനാലയങ്ങളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാനായി കെ.സി.ബി.സി സര്‍ക്കുലര്‍ ഇറക്കി. കോഴിക്കോട് പട്ടാളപ്പളളിയില്‍ വെള്ളിയാഴ്ചകളിലെ ജുമാ നമസ്‌കാരം നിര്‍ത്തിവെയ്ക്കുന്നതായി അറിയിച്ചിട്ടുണ്ട്. കൂട്ടനമസ്‌കാരങ്ങള്‍ നിയന്ത്രിക്കും. ഇതെല്ലാം അങ്ങേയറ്റം മാതൃകാപരമായ നിലപാടാണ്. മറ്റുള്ളവര്‍ക്കും അനുകരിക്കാം. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എന്നാല്‍ സ്ഥിതി വഷളാകുന്നത് തടയാനാണ് നാം ഇത്തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.