• Lisha Mary

  • March 31 , 2020

തിരുവനന്തപുരം : പോത്തന്‍കോട് കൊറോണ വൈറസ് ബാധിച്ച് മരിച്ച അസീസിന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതായാണ് നിഗമനമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ഇയാള്‍ ഗള്‍ഫില്‍നിന്നു വന്നവരുമായി ഇടപഴകിയതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. മാര്‍ച്ച് ആദ്യവാരം മുതല്‍ തന്നെ ഇദ്ദേഹം അസുഖബാധിതനായി നിരീക്ഷണത്തിലായിരുന്നു. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള സാമൂഹിക വ്യാപനം നടന്നിട്ടുണ്ടെങ്കില്‍ നേരത്തെ തന്നെ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം മരണപ്പെട്ട അസീസുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ സെല്‍ഫ് ക്വാറന്റൈനില്‍ കഴിയണമെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മരിച്ചയാളുടെ ബന്ധുക്കളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. കൊറോണ ബാധിച്ച് കേരളത്തില്‍ മരിച്ച രണ്ടു പേരും ഹൃദ്രോഗവും അനുബന്ധരോഗങ്ങളും ഉണ്ടായിരുന്നവരാണ്. ഇവരുടെ പരിചരണത്തില്‍ സാധ്യമായ ചികിത്സ നടത്തിയിരുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.