• Lisha Mary

  • April 6 , 2020

കൊച്ചി : മലയാളത്തിലെ എക്കാലത്തേയും മികച്ച സംഗീത സംവിധായകരില്‍ ഒരാളായ എംകെ അര്‍ജുനന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അഗാധ ദുഃഖം രേഖപ്പെടുത്തി. ചലച്ചിത്ര ഗാനശാഖയില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് ഔദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം സംസ്‌കരിക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. കോവിഡ് 19 വ്യാപനം തടയുന്നതിന് നിര്‍ദേശിച്ച പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സംസ്‌കാരം. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ലാ കളക്ടര്‍ അന്തിമോപചാരം അര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആദരം അര്‍പ്പിച്ച് കൊണ്ടുളള ഗണ്‍ സല്യൂട്ടിന് പകരം ബ്യൂഗിള്‍ ശബ്ദം മുഴക്കാന്‍ ജില്ലാ കളക്ടറോട് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അര്‍ജുനന്‍ മാസ്റ്ററുടെ അന്ത്യം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരിക്കും സംസ്‌കാരം നടക്കുക. കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും സംസ്‌കാര ചടങ്ങ്. മലയാളികളുടെ സ്വന്തം അര്‍ജുനന്‍ മാസ്റ്റര്‍ ഇരുനൂറിലധികം സിനിമകള്‍ക്കായി അറുനൂറിലധികം ഗാനങ്ങള്‍ ഒരുക്കിട്ടുണ്ട്. നാടക ഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് ചുവടുവെക്കുന്നത്. 5 പതിറ്റാണ്ട് നീണ്ടുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ സംഗീത യാത്ര. സംഗീത ലോകത്ത് മാസ്റ്റര്‍ എന്ന് വിളിക്കാന്‍ ഇനിയൊരാള്‍ അവശേഷിക്കുന്നില്ല. മാസ്റ്റര്‍മാര്‍ക്കേ ക്രിയേറ്റേഴ്‌സാവാന്‍ കഴിയൂ. പ്രതിഭ ജൈവമായ പ്രക്രിയയാണ്. പൂക്കള്‍ വിരിഞ്ഞു കൊണ്ടേയിരിക്കുന്നതു പോലെ. മാഷുടെ പാട്ടുകള്‍ വേദികളില്‍ നിന്ന് വേദികളിലേക്ക്, ഗായകരില്‍ നിന്ന് ഗായകരിലേക്ക് പറന്നു പോയപ്പോഴും ആ പാട്ടുകളെ ഉയരത്തില്‍ പറത്താന്‍ ചിറകുകള്‍ നല്കിയ സംഗീതജ്ഞന്‍ വിനയത്തോടെ മണ്ണില്‍ ചവിട്ടി നിന്നു.പാട്ട് പ്രകടന കലയായി മാറിയ പുതുകാലത്തും മാസ്റ്റര്‍ പഴയ മാസ്റ്ററായിരുന്നു.എല്ലാരേയും 'മോനെ ' എന്ന് തന്നെ വിളിച്ചു. മാസ്റ്ററിന്റെ ശരീരഭാഷ മാറിയില്ല. വേദികളില്‍ ഗോഷ്ഠികള്‍ കാണിച്ചില്ല.സാധാരണക്കാരനായി ജീവിതാവസാനം വരെ മനുഷ്യപ്പറ്റോടെ നിലനിന്നു.. യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോര്‍ഡ് ചെയ്തത് അര്‍ജുനന്‍ മാസ്റ്ററായിരുന്നു. കൂടാതെ എ ആര്‍ റഹ്മാന്റെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റവും അര്‍ജുനന്‍ മാസ്റ്റര്‍ വഴിയായിരുന്നു. നൂറു കണക്കിന് നാടകങ്ങളിലായി ആയിരത്തോളം പാട്ടുകള്‍ ചെയ്തിട്ടുണ്ട് മാഷ്. സിനിമയില്ലാത്ത കാലത്ത് നാടകമായിരുന്നു ചോറ്. ഒരു കാലത്തും നാടകത്തെ തള്ളിപ്പറഞ്ഞില്ല, ഉപേക്ഷിച്ചില്ല. എപ്പോഴൊക്കെ നാടകം തേടി വന്നോ അപ്പോഴെല്ലാം നാടകത്തിനായി പാട്ടു തയ്യാറാക്കി. അതും ഒരു ചരിത്രമാണ്.. ഇത്രയധികം പാട്ടുകള്‍ സൃഷ്ടിച്ച മനുഷ്യന് ഒരൊറ്റ സംസ്ഥാന അവാര്‍ഡാണ് കിട്ടിയത്.മലയാള ചലച്ചിത്രങ്ങളോടൊപ്പം 68 ല്‍ യാത്ര തുടങ്ങിയ അദ്ദേഹത്തിന് 2017 ലാണ് മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചത്. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പുരസ്‌കാരങ്ങളുടെ വലിപ്പത്തില്‍ വിശ്വസിക്കാത്ത ജനമനസ്സുകളിലെ സ്വീകാര്യത മാത്രം ആഗ്രഹിച്ച ആ പ്രതിഭ മടങ്ങുകയാണ്. മലയാളികള്‍ എന്നും മനസില്‍ സൂക്ഷിക്കാന്‍ നിരവധി ഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ മടക്കം. അനശ്വരമായ ആ ഗാനങ്ങളിലൂടെ അര്‍ജുനന്‍ മാസ്റ്റര്‍ ഇനിയെന്നും ജീവിക്കും.