• admin

  • February 15 , 2020

:

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി വിഎസ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി. 

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിവകുമാറിനെതിരെ നേരത്തെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത്‌ അന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടിയിരുന്നത്. 

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മന്ത്രിയായിരുന്നപ്പോള്‍ ശിവകുമാര്‍ തിരുവനന്തപുരത്തും മറ്റും അനധികൃതമായി ധാരാളം സ്വത്ത് സമ്പാദിച്ചുവെന്ന് ആക്ഷപങ്ങളും പരാതികളുമുണ്ടായിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നത്. 

അതേസമയം കേസില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും രാഷ്ട്രീയപ്രേരിതമാണെന്നും ശിവകുമാര്‍ വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.