• Lisha Mary

  • April 2 , 2020

കൊച്ചി : അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക അപ്പീല്‍ നല്‍കുമെന്ന് സൂചന. സുപ്രീംകോടതിയില്‍ കര്‍ണാടക ഉടന്‍ തന്നെ അപ്പീല്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതുവരെ ആംബുലന്‍സുകള്‍ പോലും കടത്തിവിടേണ്ടെന്നാണ് തീരുമാനം. നേരത്തെ തലപ്പാടിയില്‍ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ ഗുരുതര രോഗികളെ പരിശോധിച്ച് കടത്തിവിടുന്നതിനായി കര്‍ണാടക ഡോക്ടറെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റം. കര്‍ണാടകത്തില്‍ നിന്നുള്ള ചില ചരക്ക് വാഹനങ്ങളെ ഇന്ന് തലപ്പാടി അതിര്‍ത്തി വഴി കേരളത്തിലേക്ക് കടത്തിവിട്ടു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ആംബുലന്‍സുകള്‍ അതിര്‍ത്തിയില്‍ തടഞ്ഞു.ഇതുവരെയും ആരെയും മംഗലാപുരത്തേക്ക് കടത്തിവിട്ടിട്ടില്ല. അതിര്‍ത്തി തുറന്നു കൊടുക്കണമെന്ന് ഇന്നലെ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ കര്‍ണാടക അതിര്‍ത്തി അടച്ചതിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് എല്‍ നാഗേശ്വരറാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അതിര്‍ത്തി വഴി അവശ്യസര്‍വീസുകളും ചരക്കു നീക്കവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. അതിര്‍ത്തി തുറക്കണമെന്ന് ഹൈക്കോടതി ഇന്നലെ കര്‍ണാടക സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു. രോഗികളെയും കൊണ്ടുള്ള ആംബുലന്‍സുകള്‍ക്കുള്ള വിലക്ക് നീക്കണമെന്നും അതിര്‍ത്തി തുറന്നുകൊടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.