• admin

  • January 13 , 2020

: ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. മോദി തന്റെ വിമര്‍ശകരോട് സംസാരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ചിദംബരം തിരഞ്ഞെടുത്ത അഞ്ചു വിമര്‍ശകരുമായി മോദി ടെലിവിഷന്‍ സംവാദത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. സിഎഎയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ അകറ്റാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പറയുന്നത് പൗരത്വ നിയമ ഭേദഗതി പൗരത്വം നല്‍കുന്നതിന് വേണ്ടിയുളളതാണെന്നാണ്. എന്നാല്‍ നമ്മളില്‍ പലരും വിശ്വസിക്കുന്നത് പൗരത്വ നിയമ ഭേദഗതി പൗരത്വം നഷ്ടപ്പെടുത്തുമെന്നാണ്. കാണികളെ നിശബ്ദരാക്കുന്നതിന് വേണ്ടിയും അവരില്‍ നിന്ന് ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്ടി വലിയ വേദികളില്‍ നിന്നുകൊണ്ടാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ഞങ്ങള്‍ സംസാരിക്കുന്നത് മാധ്യമങ്ങള്‍ വഴിയാണ്, മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ചോദ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ പ്രധാനമന്ത്രി തന്റെ വിമര്‍ശകരോട് സംസാരിക്കുന്നില്ല. തന്നെയുമല്ല അവര്‍ക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ അവസരങ്ങളുമില്ല. ഇതിന് പ്രധാനമന്ത്രിയുടെ മുന്നിലുള്ള ഒരേയൊരു പോംവഴി അദ്ദേഹത്തിന്റെ അഞ്ച് വിമര്‍ശകരെ തിരഞ്ഞെടുത്ത് അവര്‍ക്കൊപ്പം ഒരു ചോദ്യോത്തര ടെലിവിഷന്‍ പരിപാടി നടത്തുകയുമാണ്. ആ സംവാദം ജനങ്ങള്‍ക്ക് കേള്‍ക്കാനുള്ള അവസരം ഉണ്ടാക്കണം. അതുവഴി അവര്‍ക്ക് സിഎഎയുമായി ബന്ധപ്പെട്ട അവരുടെ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കും. ഈ നിര്‍ദേശത്തോട് പ്രധാനമന്ത്രി അനുകൂലമായി പ്രതികരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. - ചിദംബരം ട്വീറ്റ് ചെയ്തു.