കണിയാമ്പറ്റ : ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ലഹരിക്കെതിരെ വേറിട്ട പ്രതിരോധവുമായി കണിയാമ്പറ്റ ഗവ.യു.പി.സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രതീകാത്മക റോക്കറ്റ് നിർമ്മാണം നടത്തി.എക്സൈസ് വിമുക്തി മിഷന്റെ ‘ഓപ്പറേഷൻ തണ്ടർ’ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് കെ.യു.സിനി അധ്യക്ഷത വഹിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം വിദ്യാർത്ഥികൾ നിർമ്മിച്ച റോക്കറ്റ് ഹെഡ്മിസ്ട്രസ്സിൽ നിന്ന് ഏറ്റുവാങ്ങുകയും ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകുകയും ചെയ്തു.സ്റ്റാഫ് സെക്രട്ടറി സോജ ഫ്രാൻസിസ്,ലഹരിവിരുദ്ധ ക്ലബ്ബ് ചുമതലയുള്ള അധ്യാപിക വി.എം.ശ്രീലത,സിവിൽ എക്സൈസ് ഓഫീസർ ഇ.ബി.അനീഷ്,സീനിയർ അസിസ്റ്റന്റ് സാലി മാത്യു, വിദ്യാർത്ഥി പ്രതിനിധികളായ ആയിഷ സെറ,ഡി. ശിവകാർത്തിക് എന്നിവർ സംസാരിച്ചു. ചാന്ദ്രദിനത്തെ ലഹരിക്കെതിരെയുള്ള ശക്തമായ സർഗ്ഗാത്മക ബോധവൽക്കരണ വേദിയാക്കി മാറ്റിയ വിദ്യാർത്ഥികളെ യോഗം അഭിനന്ദിച്ചു.
