തിരുവനന്തപുരം : ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (ഇഗ്നോ) ജനുവരി 2026 അഡ്മിഷൻ സൈക്കിളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കായി മാർ ഈവാനിയോസ് കോളജ് (ഓട്ടോണമസ്) ഇഗ്നോ സ്റ്റഡി സെന്റർ വിപുലമായ ഇൻഡക്ഷൻ പരിപാടി സംഘടിപ്പിച്ചു.കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രണ്ടായിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു.
സ്റ്റഡി സെന്റർ കോ-ഓർഡിനേറ്റർ ഡോ.സുജു സി. ജോസഫ് സ്വാഗതം ആശംസിച്ചു.കോളജ് പ്രിൻസിപ്പൽ പ്രൊഫ.(ഡോ) മീര ജോർജ് അധ്യക്ഷത വഹിച്ചു. ജീവിതകാല പഠനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രിൻസിപ്പൽ,ഇഗ്നോയുടെ സൗകര്യപ്രദമായ പഠന സംവിധാനങ്ങൾ വിദ്യാർഥികൾ ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു.
തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറലും കോളജ് ബർസാറുമായ വെരി.റവ.ഫാ.തോമസ് കായ്യാലയ്ക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർച്ചയായ പഠനത്തിന്റെ ആവശ്യകതയും ഇഗ്നോ നൽകുന്ന അവസരങ്ങൾ അക്കാദമികവും തൊഴിൽപരവുമായ വളർച്ചയ്ക്കായി വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇഗ്നോ റീജിയണൽ സെന്റർ തിരുവനന്തപുരം റീജിയണൽ ഡയറക്ടർ ഡോ.ടി. ആർ.സത്യകീർത്തി മുഖ്യപ്രഭാഷണം നടത്തി. ഇഗ്നോയുടെ അക്കാദമിക സംവിധാനവും വിദ്യാർഥി സഹായ സേവനങ്ങളും അദ്ദേഹം വിശദീകരിച്ചു. അസിസ്റ്റന്റ് കോർഡിനേറ്റർ ഡോ.അഭിലാഷ് ജി. രമേഷ് ആശംസകൾ നേർന്നു.
വിദ്യാർഥി പ്രതിനിധി ഗായത്രി ശങ്കർ അനുഭവങ്ങൾ പങ്കുവെച്ചത് പുതിയ വിദ്യാർഥികൾക്ക് പ്രചോദനമായി.അസിസ്റ്റന്റ് കോർഡിനേറ്റർ മനസ്സെ ബെന്നി നയിച്ച സംവാദപരമായ ചോദ്യോത്തരവേളയിൽ പ്രവേശനം, അസൈൻമെന്റുകൾ,പരീക്ഷ,വിദ്യാർഥി സേവനങ്ങൾ എന്നിവ സംബന്ധിച്ച സംശയങ്ങൾക്ക് വിശദീകരണം നൽകി.അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ റവ.ഫാ.തോമസ് പുത്തൻപറമ്പിൽ നന്ദി രേഖപ്പെടുത്തി.പുതിയ വിദ്യാർഥികളുടെ വൻ പങ്കാളിത്തം ഇഗ്നോ കോഴ്‌സുകളോടുള്ള വർധിച്ചുവരുന്ന ജനപ്രീതിയുടെയും മാർ ഈവാനിയോസ് കോളജിലെ ഇഗ്നോ സ്റ്റഡി സെന്റർ നൽകുന്ന മികച്ച വിദ്യാർഥി പിന്തുണയുടെയും തെളിവായി.
