കോഴിക്കോട് : നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നയാളെ റൂമിലേക്ക് മാറ്റി. 43കാരനായ ഫറോക്ക് സ്വദേശിയാണ് സാധാരണ ജീവിതത്തിലേക്ക് അടുക്കുന്നത്.ജൂണ്‍ ഒന്‍പത് മുതല്‍ വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന് ജൂണ്‍ 10നാണ് നിപ സ്ഥിരീകരിച്ചത്.അതീവ ഗുരുതരാവസ്ഥയില്‍ ജൂണ്‍ 11നാണ് സ്വകാര്യാശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.രണ്ടു ഡോസ് മോണോക്ലോണല്‍ ആന്റിബോഡി,റംഡെസിവീര്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കി.വെന്റിലേറ്റര്‍ ചികിത്സ തുടര്‍ന്നു.ആവര്‍ത്തിച്ചു ചെയ്ത രണ്ടു ടെസ്റ്റുകള്‍ നെഗറ്റീവ് ആയ ശേഷം ജൂലൈ ഏഴിന് ഐസോലേഷന്‍ ഐസിയുവില്‍ നിന്ന് ഇദ്ദേഹത്തെ ട്രാന്‍സിറ്റ് ഐസിയു വിലേക്ക് മാറ്റിയിരുന്നു.പൂര്‍ണമായും അബോധാവസ്ഥയിലായിരുന്ന രോഗിക്ക് ക്രമേണ ബോധം തിരിച്ചുകിട്ടി.ശ്വാസോച്ഛാസം സാധാരണ ഗതിയിലായപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ശ്വസനത്തിനും ഭക്ഷണം കൊടുക്കാനുമായി സ്ഥാപിച്ചിരുന്ന ട്യൂബുകളും മാറ്റി.ഇപ്പോള്‍ സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ട്.
