ചരിത്രം കുറിച്ച് വിക്രം–1; ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റിന്റെ വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രം കുറിച്ച് രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം–1 വിജയകരമായി വിക്ഷേപിച്ചു.ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടന്നത്. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയറോസ്‌പേസ് വികസിപ്പിച്ച റോക്കറ്റാണ് വിക്രം–1.’മിഷൻ ആഗമൻ’ എന്ന പേരിലുള്ള ദൗത്യത്തിലൂടെയാണ് വിക്ഷേപണം പൂർത്തിയായത്. 24 മീറ്റർ ഉയരവും ഏകദേശം 24 ടൺ ഭാരവുമുള്ള റോക്കറ്റ് പൂർണമായും കാർബൺ-കോമ്പോസിറ്റ് വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.ലിക്വിഡ് എഞ്ചിനുകൾ 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വികസിപ്പിച്ചിരിക്കുന്നത്.ഭൂമിയോട് അടുത്ത ഭ്രമണപഥത്തിലേക്ക് 450 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാൻ റോക്കറ്റിന് ശേഷിയുണ്ട്.

ആദ്യ ദൗത്യത്തിൽ ഉപഗ്രഹങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. പകരം നാല് പേലോഡുകളാണ് ബഹിരാകാശത്തേക്ക് കൊണ്ടുപോയത്.ബംഗളൂരു ആസ്ഥാനമായ ഗ്രഹാ സ്പേസ് വികസിപ്പിച്ച സോളാരസ് എസ്–3 ഉം കോസ്മോവേഴ്സ് സ്പേസ് വികസിപ്പിച്ച എംബ്രേസ് ഉൾപ്പെടെയുള്ള പേലോഡുകളാണ് റോക്കറ്റിലുള്ളത്. ബഹിരാകാശ മാലിന്യങ്ങൾ ശേഖരിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ എത്തിച്ച് നശിപ്പിക്കുന്ന സാങ്കേതികവിദ്യ പരീക്ഷിക്കുകയാണ് എംബ്രേസ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ശാസ്ത്രലോകത്തിന് സംഭാവന നൽകിയ സി.വി.രാമൻ,വിക്രം സാരാഭായ്,ഡോ.എ.പി.ജെ.അബ്ദുൾ കലാം എന്നിവരുടെ സൂക്ഷ്മ ശിൽപ്പങ്ങളും വിക്രം–1 ബഹിരാകാശത്തേക്ക് കൊണ്ടുപോയിട്ടുണ്ട്.
റോക്കറ്റിന്റെ നിയന്ത്രണം പൂർണമായും ഇൻ-ബിൽറ്റ് ഇന്റലിജൻസ് സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്.2022 നവംബറിൽ സ്കൈറൂട്ട് വിജയകരമായി പരീക്ഷിച്ച വിക്രം–എസ് സബ്‌ഓർബിറ്റൽ റോക്കറ്റിന്റെ തുടർച്ചയായാണ് വിക്രം–1ന്റെ വികസനം.ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയെ ആഗോളതലത്തിൽ കൂടുതൽ ശക്തിപ്പെടുത്തുന്ന നാഴികക്കല്ലായാണ് ഈ ദൗത്യത്തെ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *