എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തുണ്ടാകുന്ന എല്ലാ വലിയ വാഹനാപകടങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ പ്രത്യേക ‘അപകടാനന്തര അന്വേഷണസംഘം’ രൂപീകരിക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്.ഗതാഗത മന്ത്രി സി.പി ജോണിന്റെ നിർദേശപ്രകാരമാണ് തീരുമാനം.റോഡപകടങ്ങളുടെ യഥാർഥ കാരണം കണ്ടെത്തി പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ പ്രത്യേക ടീം രൂപീകരിക്കും.

മൂന്നുപേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ കൊട്ടാരക്കര ടിപ്പർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രി അടിയന്തരമായി ഇത്തരമൊരു നിർദേശം നൽകിയത്.വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ കേവലമൊരു പ്രാഥമിക അന്വേഷണത്തിൽ മാത്രം ഒതുങ്ങാതെ, അപകടത്തിലേക്ക് നയിച്ച ശാസ്ത്രീയവും സാങ്കേതികവുമായ കാരണങ്ങൾ കണ്ടെത്തുകയാണ് പുതിയ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചുകൊണ്ടുള്ള വിപുലമായ പാനലായിരിക്കും ഓരോ ജില്ലയിലും പ്രവർത്തിക്കുക.

താഴെ പറയുന്ന നാല് വിഭാഗം ഉദ്യോഗസ്ഥർ ഈ ടീമിന്റെ ഭാഗമാകും:

▪️ജില്ലയിലെ ആർടിഒ
▪️പൊലീസ് ഇൻസ്പെക്ടർ
▪️പൊതുമരാമത്ത് വകുപ്പ് അല്ലെങ്കിൽ ദേശീയപാത വിഭാഗം എൻജിനീയർ
▪️നാറ്റ്പാക്കിലെ വിദഗ്ധനായ ഉദ്യോഗസ്ഥൻ
ഒരു വലിയ അപകടം സംഭവിച്ചാൽ ഉടൻ തന്നെ ഈ സംയുക്ത സംഘം സംഭവസ്ഥലം സന്ദർശിച്ച് പരിശോധനകൾ നടത്തും.റോഡിന്റെ നിർമാണ ഘടനയിലെ അപാകതകൾ,വാഹനത്തിന്റെ സാങ്കേതികവും യാന്ത്രികവുമായ തകരാറുകൾ, അമിതഭാരം,ഡ്രൈവിംഗിലെ പിഴവുകൾ തുടങ്ങിയ എല്ലാ വശങ്ങളും സംഘം കൃത്യമായി വിലയിരുത്തും.
ഭാവിയിൽ സമാനമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ റോഡിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുമുള്ള വിശദമായ റിപ്പോർട്ട് ഈ സംഘം സർക്കാരിന് സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *