കൽപ്പറ്റ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ നിധിൻ രാജ് ജാതിയുടെയും നിറത്തിൻ്റെയും അച്ഛൻ്റെ തൊഴിലിൻ്റെയും പേരിലൊക്കെ കോളേജിൽ അദ്ധ്യാപകരാൽ നിരന്തരം പരസ്യമായി അപമാനിക്കപ്പെട്ടതായാണ് അടുത്ത ബന്ധുക്കൾ വ്യക്തമാക്കിയിട്ടുള്ളത്.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളിൽ 55 ശതമാനവും പട്ടികജാതി-പട്ടികവർഗ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് സർക്കാർ ലോക്സഭയെ അറിയിച്ചിരുന്നു.ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനങ്ങൾ തടയാനും തുല്യത പ്രോത്സാഹിപ്പിക്കാനും സുപ്രീം കോടതി നിർദ്ദേശ പ്രകാരംകൊണ്ടു വന്ന UGC റെഗുലേഷൻസ് 2026 “ദുരുപയോഗം” ചെയ്യപ്പെടും എന്ന സവർണ സംഘടനകളുടെ വാദങ്ങൾ കേട്ട മാത്രയിൽ സുപ്രീം കോടതി തന്നെ സ്റ്റേ ചെയ്തതിൽ ഉള്ളടങ്ങിയിട്ടുള്ള നീതി നിഷേധം ആവർത്തിക്കപ്പെടുന്ന ഇത്തരം ജീവനെടുക്കലുകൾ തുറന്നു കാട്ടുന്നുണ്ട്.
ജാതിവ്യവസ്ഥ നൽകുന്ന സവിശേഷ അധികാരത്തെ ഉപയോഗപ്പെടുത്തി കുറ്റവാളികൾ രക്ഷപെടുന്നതാണ് ജാതീയ കുറ്റകൃത്യങ്ങൾ പെരുകാൻ ഇടയാക്കുന്നത്.
അതിനാൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാനും അടിമുടി വിവേചനങ്ങൾ നിറഞ്ഞ ജാതിവ്യവസ്ഥയെ തകർക്കാനും നമ്മൾ ശക്തമായി രംഗത്ത് വരേണ്ടതുണ്ട് എന്ന് സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ പത്രക്കുറിപ്പിൽ അറിയിച്ചു.ജില്ലാ സെക്രട്ടറി കെ.വി.പ്രകാശ്,പി.എം.ജോർജ്ജ്, പി.ടി.പ്രേമാനന്ദ്,ബിജി ലാലിച്ചൻ,അഡ്വ.സുനിൽ ജോസഫ്,എം.കെ.ഷിബു,കെ.ജി.മനോഹരൻ, സി.ജെ.ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.
