വയനാട് ടൗൺഷിപ്പ്:ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം;178 വീടുകളും താമസയോഗ്യമല്ലെന്ന് പരാതി

വയനാട് ടൗൺഷിപ്പ്:ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം;178 വീടുകളും താമസയോഗ്യമല്ലെന്ന് പരാതി

കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ടിട്ടും കൈമാറിയ 178 വീടുകളും താമസയോഗ്യമല്ലെന്ന് ദുരന്തബാധിതരുടെ പരാതി.എപ്പോൾ താമസം ആരംഭിക്കാൻ കഴിയുമെന്ന ആശങ്കയിലാണ് പലരും.
ടൗൺഷിപ്പിൽ കുടിവെള്ള സൗകര്യം,ഡ്രെയിനേജ് സംവിധാനം,സെപ്റ്റിക് മാലിന്യ നിർമാർജന സംവിധാനങ്ങൾ എന്നിവയുടെ പണികൾ ഇതുവരെ പൂർത്തിയായിട്ടില്ല.നിർമ്മാണ സ്ഥലത്ത് തൊഴിലാളികളുടെ കുറവും പ്രവർത്തന വേഗം കുറയാൻ കാരണമായതായി സൂചന.2, 3, 4 സോണുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.

ഇതിനിടെ,വയനാട് പുനരധിവാസ വിഷയത്തെ ചൊല്ലി തെരഞ്ഞെടുപ്പ് രംഗത്ത് രാഷ്ട്രീയ വിവാദവും ശക്തമാകുകയാണ്.നിലവിലെ നിർമാണ പുരോഗതി പരിഗണിക്കുമ്പോൾ മുഴുവൻ വീടുകളും പൂർത്തിയാകാൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.പണി തീരാത്ത വീടുകളാണ് സർക്കാർ ഉദ്ഘാടനം ചെയ്‌ത് നൽകിയതെന്ന് യു.ഡി.എഫ് നേരത്തെ തന്നെ ആരോപിച്ചിരുന്നു.ഇതേ വിഷയം ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷം വിമർശനം ശക്തമാക്കുന്നത്.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഷയത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു.
വയനാട്ടിലെ പ്രചാരണത്തിനിടെ നിർമ്മാണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടി എൻ.ഡി.എയും രംഗത്തെത്തി.അതേസമയം,കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ നിർമാണം ആരംഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് തിരിച്ചടിക്കുകയാണ്.സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും, കോൺഗ്രസിന്റെ വാഗ്ദാനങ്ങളുടെ യാഥാർത്ഥ്യം ജനങ്ങൾ കാണുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *