കല്‍പ്പറ്റ : ടൗണ്‍ഷിപ്പിലെ സര്‍ക്കാരിന്റെ വഞ്ചന ചര്‍ച്ചയാവാതിരിക്കാന്‍ ഡിവൈഎഫ്‌ഐ നടത്തുന്ന സമരം അപഹാസ്യമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പായി വോട്ടുമാത്രം ലക്ഷ്യം വെച്ച് ദുരന്തബാധിതരായ 178 കുടുംബങ്ങള്‍ക്ക് ടൗണ്‍ഷിപ്പില്‍ താക്കോല്‍ കൈമാറിയെങ്കിലും ഇത്രകാലമായും അവര്‍ക്ക് അങ്ങോട്ട് താമസം മാറ്റാന്‍ സാധിച്ചിട്ടില്ല.ഇനിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറെ നടക്കാനുണ്ട്.കുടിവെള്ളം വേസ്റ്റ് മാനേജ്‌മെന്റ് അടക്കമുള്ള സൗകര്യങ്ങളും ഒന്നും ഒരുക്കാതെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം എന്ന പ്രഹസനം സംഘടിപ്പിച്ചത്.ഇത് ദുരന്തഭൂമിയിലെ അതിജീവിതം തന്നെ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്.ഈ ഒരു പ്രതിഷേധം മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്‌ഐ ഇന്ന് കോണ്‍ഗ്രസ് നിര്‍മ്മിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയിലേക്ക് സമരവുമായി എത്തിയത്.കഴിഞ്ഞ പത്തു വര്‍ഷക്കാലം സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ കണ്ണടച്ചിരുന്ന ഡിവൈഎഫ്‌ഐ തെരഞ്ഞെടുപ്പിന്റെ തൊട്ടു മുന്‍പ് തങ്ങള്‍ കേരളത്തില്‍ ഉണ്ടെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായാണ് അപഹാസ്യ സമരം സംഘടിപ്പിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വയനാട്ടില്‍ വന്ന സ്ഥിതിക്ക് കോണ്‍ഗ്രസിന്റെ പുനരധിവാസ ഭൂമിയില്‍ നിന്ന് ഏറെ അകലെയല്ലാത്ത കല്‍പ്പറ്റ ടൗണില്‍ ബ്രഹ്‌മഗിരിയെ വിശ്വസിച്ചു പണം നിക്ഷേപിച്ച് ലക്ഷങ്ങള്‍ കടക്കാരനായ സിപിഎം പ്രവര്‍ത്തകന്‍ കൂടിയായ നൗഷാദ് മാട്ടിലിന്റെ വീട്ടില്‍ കൂടി സന്ദര്‍ശനം നടത്തിയാല്‍ നന്നാകുമായിരുന്നെന്നും യൂത്ത് കോണ്‍ഗ്രസ് പരിഹസിച്ചു.സര്‍ക്കാറിന്റെ പുനരധിവാസ പദ്ധതിയിലേക്ക് പണം നല്‍കിയെന്ന് ഡിവൈഎഫ്‌ഐ അവകാശപ്പെടുമ്പോഴും എത്ര കൊടുത്തെന്ന് ഇതുവരെ വ്യക്തമാക്കാത്തതും നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.ഇതിനെ കൂടി മറികടക്കാനുള്ള അപഹാസ്യ സമരമാണ് അരങ്ങേറിയത് എന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് പ്രസ്താവനയില്‍ പറഞ്ഞു.
