കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും മുന്‍ മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ആർ.ഉണ്ണികൃഷ്ണൻ രംഗത്ത്. അനുമതിയില്ലാതെ തന്റെ ചിത്രം എല്‍ഡിഎഫ് പ്രചാരണത്തിനായി ഉപയോഗിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു.മേപ്പാടി ശ്രീ മാരിയമ്മന്‍ ക്ഷേത്ര മഹോത്സവത്തിന്റെ കൊടിയുയര്‍ത്തല്‍ ചടങ്ങിനിടെ എടുത്ത ചിത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതെന്നും ഇത് രാഷ്ട്രീയമര്യാദയ്ക്ക് നിരക്കാത്തതാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
കല്‍പ്പറ്റയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.ടി. സിദ്ദിഖിനായി സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തന്നെ മനപ്പൂര്‍വം കരിവാരി തേക്കാനുള്ള നീക്കമാണിതെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതായും വ്യക്തമാക്കി.
ജനിച്ച നാളുമുതല്‍ കോൺഗ്രസ് പ്രവര്‍ത്തകനായ തനിക്ക് മണ്ഡലം പ്രസിഡന്റ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അടക്കമുള്ള സ്ഥാനങ്ങള്‍ നല്കിയ പാര്‍ട്ടിയോട് പൂര്‍ണ വിശ്വാസമുണ്ടെന്നും,തന്റെ നേതാവ് അഡ്വ. ടി.സിദ്ദിഖ് ആണെന്നും,അദ്ദേഹത്തിന്റെ വിജയത്തിനായി ശക്തമായി പ്രവര്‍ത്തിക്കുമെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
