ഡോക്ടര്‍ വന്ദന ദാസ് കൊലപാതകം:പ്രതി സന്ദീപ് കുറ്റക്കാരന്‍, ശിക്ഷാവിധി മറ്റന്നാള്‍

ഡോക്ടര്‍ വന്ദന ദാസ് കൊലപാതകം:പ്രതി സന്ദീപ് കുറ്റക്കാരന്‍, ശിക്ഷാവിധി മറ്റന്നാള്‍

കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞെന്നും കോടതി കണ്ടെത്തി.കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.പ്രതിക്കുള്ള ശിക്ഷ മറ്റന്നാള്‍ പ്രസ്താവിക്കും.പ്രതിക്കെതിരെ ചുമത്തിയിരുന്ന കൊലപാതകം,വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പൊതുജനസേവകനെ ആക്രമിക്കല്‍,വധഭീഷണി മുഴക്കല്‍,പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍,തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി പ്രസ്താവിച്ചു.പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്നായിരുന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടിയത്.എന്നാല്‍ പ്രതിഭാഗം ഹാജരാക്കിയ സാക്ഷികളിലൂടെ തന്നെ പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി.മാനസിക വൈകല്യം ഇല്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.കേസില്‍ എഴുപതിലധികം സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്.22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.

കുടവട്ടൂര്‍ സ്വദേശി സന്ദീപ് ആണ് കേസിലെ ഏക പ്രതി.2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വന്ദനാദാസിനെ പ്രതി സന്ദീപ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.മൂന്ന് വര്‍ഷം നീണ്ട കോടതി നടപടികള്‍ക്ക് ഒടുവിലാണ് വിധി.കുടവട്ടൂര്‍ സ്വദേശി സന്ദീപിനെ പൂയപ്പള്ളി പൊലീസ് വൈദ്യ പരിശോധനയ്ക്കായിട്ടാണ് ആശുപത്രിയില്‍ എത്തിച്ചത്.ഡ്രസിങ് റൂമില്‍ വെച്ച് മുറിവ് കെട്ടുന്നതിനിടെ അക്രമാസക്തനായ പ്രതി അവിടെയുണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി പൊലീസുകാരെയും കൂടെ വന്നയാളെയും ആക്രമിച്ചു.മറ്റുള്ളവര്‍ ഓടി മാറിയപ്പോള്‍ ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ.വന്ദനദാസിന് രക്ഷപ്പെടാനായില്ല.വന്ദനയെ തടഞ്ഞ് നിര്‍ത്തിയ പ്രതി നെഞ്ചിലും മുതുകിലും കഴുത്തിലുമായി പലതവണ കുത്തി പരിക്കേല്‍പ്പിച്ചു.അധികം വൈകാതെ ഡോക്ടര്‍ വന്ദന മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *