കുഞ്ഞിനെ നോക്കണമെന്ന് സഹയാത്രികനോട് അമ്മ;ട്രെയിനിലെ ശുചിമുറിയിൽ പോയിട്ട് തിരിച്ചെത്തിയില്ല,ഒടുവിൽ

കുഞ്ഞിനെ നോക്കണമെന്ന് സഹയാത്രികനോട് അമ്മ;ട്രെയിനിലെ ശുചിമുറിയിൽ പോയിട്ട് തിരിച്ചെത്തിയില്ല,ഒടുവിൽ

കോഴിക്കോട് : ട്രെയിൻ യാത്രയ്ക്കിടയിൽ കൈക്കുഞ്ഞിനെ സഹയാത്രികന് സമീപം ഇരുത്തി വരാമെന്നു പറഞ്ഞു ശുചിമുറിയിൽ പോയ യുവതി മുങ്ങി.പരിഭ്രാന്തനായ യുവാവ് വഴിയിൽ ഇറങ്ങി കുട്ടിയെ റെയിൽവേ പൊലീസിന് കൈമാറി.മുങ്ങിയ യുവതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാവിലെ 10:10 ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലാണു സംഭവം.കുട്ടിയെ സിഡബ്ല്യുസി ഒബ്സർവേഷൻ സെന്ററിൽ സൂക്ഷിച്ചു.

രാവിലെ മൂന്നാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട കണ്ണൂർ-കോഴിക്കോട്-പാലക്കാട് പാസഞ്ചർ ട്രെയിനിലാണ് ഒരു വയസ്സുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കടന്നു കളഞ്ഞത്.ട്രെയിനിൽ കൈക്കുഞ്ഞുമായി കയറിയ യുവതി കുട്ടിയെ സമീപത്തിരുന്ന യുവാവിന്റെ സീറ്റിൽ ഇരുത്തി.അൽപ്പം കഴിഞ്ഞു കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ച് യുവതി ശുചിമുറിയിലേക്ക് പോയി.ഇതേ സമയം ട്രെയിൻ പാലക്കാട്ടേക്ക് പറപ്പെട്ടു.കല്ലായി കഴിഞ്ഞിട്ടും യുവതി വരാത്തതിനാൽ യുവാവ് തിരഞ്ഞെങ്കിലും അവരെ കണ്ടില്ല.ഇതിനിടയിൽ കുട്ടി കരഞ്ഞു.ഒടുവിൽ ട്രെയിൻ ഫറോക്ക് എത്തിയപ്പോൾ യുവാവ് കുട്ടിയുമായി ഇറങ്ങി റെയിൽവേ പൊലീസിന് കൈമാറി.പൊലീസ് പിന്നീട് ഫറോക്ക് പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു.ശേഷം പൊലീസ് കുട്ടിയെ വെള്ളിമാട്കുന്ന് സിഡബ്ല്യുസിയിൽ എത്തിച്ചു.ബന്ധുക്കൾ വരുന്നതു വരെ കുട്ടിയെ ഒബ്സർവേഷൻ ഹോമിൽ മാറ്റി.കുട്ടിയെ നൽകി യുവതി മുങ്ങിയ സംഭവത്തിൽ യുവാവിന്റെ പരാതിയിൽ കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തു.റെയിൽവെ എസ്ഐ സി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 25 വയസ്സു തോന്നിക്കുന്ന യുവതിയാണു കുഞ്ഞിനെയുമായി ട്രെയിനിൽ കയറിയതെന്നു പൊലീസിന് വ്യക്തമായി. സിസിടിവി പരിശോധിച്ച് യുവതിയെ ഉടനെ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *