കല്‍പ്പറ്റ : ഉരുള്‍പൊട്ടലില്‍ സ്‌ക്കൂള്‍ നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) മൂന്ന് കോടി ചെലവഴിച്ച് നിര്‍മിച്ചു നല്‍കുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികള്‍ ഇന്ന് (ശനി) കൈമാറും.12 ക്ലാസ് മുറികളും 16 ശുചിമുറികളുമാണ് ബിഎഐ ഇവര്‍ക്കായി നിര്‍മിച്ചു നല്‍കുന്നത്.ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷം വെള്ളാര്‍മല ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ എല്‍പി,യുപി,ഹൈസ്‌ക്കൂള്‍,പ്ലസ്ടു വിഭാഗങ്ങളിലുള്ള 550 വിദ്യാര്‍ഥികളെ മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലേക്ക് മാറ്റുകയായിരുന്നു.ഇവരെ മാറ്റിയ മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലാണ് ഇവര്‍ക്കായി പുതിയ ക്ലാസ് മുറികളും ശുചിമുറികളും ബിഎഐ ഒരുക്കിയിരിക്കുന്നത്.
ഇന്ന് (ശനി) ഉച്ചയ്ക്ക് 12.30ന് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ക്ലാസ് മുറികളുടെയും ശുചിമുറികളുടെയും ഉദ്ഘാടനം മന്ത്രി ഒ ആര്‍ കേളു നിര്‍വഹിക്കും. എംഎല്‍എ ടി സിദ്ധിഖ് അധ്യക്ഷത വഹിക്കും. ബിഎഐ ദേശീയ പ്രസിഡന്റ് രാജേന്ദ്ര സിങ് കംബോഹ് മുഖ്യാതിഥിയാവും.ബിഎഐ സംസ്ഥാന ചെയര്‍മാന്‍ ജോണ്‍സണ്‍ കെ എ,ബിഎഐ മുന്‍ സംസ്ഥാന ചെയര്‍മാന്‍ പിഎന്‍ സുരേഷ്,ബിഎഐ പ്രോജക്ട് കണ്‍വീനര്‍ കെ സതീഷ് കുമാര്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍,മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, കെഎസ്ബി എംഐഎല്‍ കണ്‍ട്രോള്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എസ് മഹേഷ് എന്നിവര്‍ പ്രസംഗിക്കും.വെള്ളാര്‍മല ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ എല്‍പി,യുപി, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങളിലായി 460 വിദ്യാര്‍ഥികളും പ്ലസ്ടു വിഭാഗത്തില്‍ 90 വിദ്യാര്‍ഥികളുമാണുള്ളത്. ഒന്നാം ക്ലാസു മുതല്‍ പത്താം ക്ലാസു വരെ 17 ഡിവിഷനുകളും പ്ലസ്ടുവിന് നാല് ഡിവിഷനുകളുമുണ്ട്.ബിഎഐ യുടെ സംസ്ഥാനത്തെ 22 സെന്ററുകളില്‍ നിന്നായി 100 പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.
