ആനക്കാംപൊയില്‍ : ആനക്കാംപൊയില്‍-കള്ളാടി- മേപ്പാടി തുരങ്കപാത നിര്‍മാണത്തിന്റെ സുപ്രധാന ചുവടുവയ്പായ പാറ തുരക്കല്‍ നാളെ തുടങ്ങും.രാവിലെ 11 മണിക്ക് ആനക്കാംപൊയില്‍ മറിപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്യും.സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ നിയന്ത്രിത രീതിയിലാണ് ചടങ്ങ്.മറിപ്പുഴ സ്വര്‍ഗംകുന്ന് ഭാഗത്താണ് ആദ്യം തുരക്കല്‍ പ്രവൃത്തി തുടങ്ങുക. തുരങ്കമവസാനിക്കുന്ന മേപ്പാടി മിനാക്ഷിക്കുന്നില്‍ പിന്നീട് തുരക്കല്‍ ആരംഭിക്കും.അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളായ താല്‍ക്കാലിക പാലം,ക്രഷര്‍ യൂനിറ്റ്,ഫ്യൂവല്‍ ടാങ്ക്,തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ് ആരംഭിക്കുന്നത്. ഓസ്ട്രേലിയന്‍ സാങ്കേതിക വിദ്യയില്‍ കട്ട് ആന്‍ഡ് കവര്‍ രീതിയിലാണ് പാറ തുരക്കുക.റോക്ക് ഡ്രില്‍ ബൂമറുകള്‍ ഉപയോഗിച്ചാണ് തുരങ്കനിര്‍മാണം. കിഫ്ബിയില്‍ 2143 കോടി രൂപ ചെലവിലാണ് പാതയുടെ നിര്‍മാണം.കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. കൊങ്കണ്‍ റെയില്‍ കോര്‍പറേഷനാണ് നിര്‍വഹണ ഏജന്‍സി.കഴിഞ്ഞ ദിവസമാണ് തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സ് കൂടി ലഭിച്ചത്.നാളെ നടക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍,മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കുറച്ചു പേര്‍ക്ക് മാത്രമാണ് പാസ് മുഖേന പ്രവേശനം.പൊതുജനങ്ങള്‍ക്ക് പാറപൊട്ടിക്കല്‍, അനുബന്ധ പരിപാടികള്‍ എന്നിവ കാണുന്നതിന് ആനക്കാംപൊയില്‍ യൂപി സൂളില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
