കൽപറ്റ : വയനാട് ചുരത്തിൽ ഗതാഗത കുരുക്ക് അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിർദിഷ്ട ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ബൈപാസ് റോഡ് നിർമിക്കുന്നതിനുള്ള ഡിപിആർ നടപടികൾ ത്വരിതപ്പെടുത്തണമന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമിറ്റി യോഗം ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. വയനാട് കോഴിക്കോട് ജില്ലയിലെ ജനപ്രതിനിധികൾ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമന്നും കമ്മിറ്റി ആവശ്യപ്പെട്ടു.കോഴിക്കോട് കൊല്ലഗൽ ദേശീയപാത കോഴിക്കോട് മലാപറമ്പ് മുതൽ മുത്തങ്ങ വരെ നാലുവരി പാത ആക്കുന്നതിൻ്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം [മോർത്ത്] ചുരത്തിൽ ബൈപാസ് നിർമിക്കുന്നത്. ഇതിൻ്റെ ഡിപിആർ തയാറാക്കുന്നതിനുള്ള ടെൻഡർ നടപടികൾ കഴിഞ്ഞ ഡിസംബറിൽ പൂർത്തിയായങ്കിലും പ്രവൃത്തി ഇനിയും ആരംഭിച്ചിട്ടില്ല.
വയനാട് ചേമ്പർ ഓഫ് കൊമേഴ്സ് ഓഫീസിൽ ചേർന്ന യോഗത്തിൽ ആക്ഷൻ കമ്മിറ്റി
ചെയർമാൻ വി.കെ.ഹുസൈൻ കുട്ടി അധ്യക്ഷത വഹിച്ചു.ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ ടി.ആർ.ഒ.കുട്ടൻ,റസാഖ് കൽപറ്റ,ജോണി പാറ്റാനി, വി.കെ.മൊയ്തു മുട്ടായി,കെ പി സൈതലവി തളിപ്പുഴ,അലി ബ്രാൻ മാനന്തവാടി, ഇ.ഹൈദ്രു,അഷ്റഫ് വൈത്തിരി,മോഹൻ ചന്ദ്രഗിരി,ബിജു വാച്ചാലിൽ,സി.സി.തോമസ്, നിസാർ ദിൽവെ, സി.എച്ച്.ഷൈജൽ,പി.കെ സലാം എന്നിവർ സംസാരിച്ചു.നിലവിലുള്ള റോഡിന് സമാന്തരമായി ചുരം ഒന്നാം വളവിനുമേലെ ചിപ്പിലിത്തോട് നിന്ന് ആരംഭിച്ച് മരുതിലാവ് വഴി തളിപ്പുഴയിൽ എത്തിച്ചേരുന്നതാണ് നിർദിഷ്ട വയനാട് ബൈപാസ്.ദേശീയപാത നാലുവരി പാതയായി വികസിപ്പിക്കാനാണ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.ബത്തേരി,മീനങ്ങാടി, താമരശ്ശേരി,കൊടുവള്ളി എന്നിവടങ്ങളിലും ബൈപാസ് നിർമിച്ച് കോഴിക്കോട് മലാപറമ്പ് മുതൽ മുത്തങ്ങ വരെ ഒറ്റ റീച്ചായി ഡിപിആർ തയാറാക്കാനാണ് ടെൻഡർ നൽകിയിരുന്നത്.ഹരിയാന ആസ്ഥാനമായി നപ്രവർത്തിക്കുന്ന സിവിൽ മന്ത്ര ഇൻഫ്രാകോൺ കൺസൾട്ടൻസിയാണ് രണ്ടര കോടി രൂപക്ക് ഡിപിആർ ടെൻഡർ എടുത്തിരിക്കുന്നത്.
