• Lisha Mary

  • April 15 , 2020

വാഷിങ്ടണ്‍ : ലോകത്താകമാനം കോവിഡ് മരണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്ക് പ്രകാരം 1,26,537 പേരാണ് ഇതുവരെ മരിച്ചത്. 1,973,715 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനത്തിന് ശേഷം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ദിവസമാണ്. 6,919 പേരുടെ ജീവന്‍ ചൊവ്വാഴ്ച നഷ്ടമായി. കോവിഡ് ഏറെ നാശംവിതച്ച അമേരിക്കയില്‍ രോഗികളുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു. രോഗം സ്ഥിരീകരിച്ച 6,05,193 ആളുകളില്‍ 25,989 പേര്‍ മരിച്ചു. 24 മണിക്കൂറിനുള്ളില്‍ മാത്രം യുഎസില്‍ 2,349 പേര്‍ മരണപ്പെട്ടു. ഇറ്റലിയില്‍ മരണം 21,067 ആയി ഉയര്‍ന്നു. സ്‌പെയ്‌നില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ എണ്ണം 500ല്‍ താഴെയായി കുറഞ്ഞു. ആകെ മരണം 18,000 പിന്നിട്ടു. എന്നാല്‍ ഫ്രാന്‍സില്‍ പുതിയ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്നലെ മാത്രം ആറായിരത്തോളം കേസുകള്‍ പോസിറ്റീവായി. 1,43,303 രോഗികളില്‍ 15,729 പേര്‍ ഇതുവരെ മരിച്ചു. ബ്രിട്ടണില്‍ മരണം 12,000 പിന്നിട്ടു. അതേസമയം ജര്‍മനിയില്‍ മരണനിരക്കില്‍ നേരിയ കുറവുണ്ട്. 310 പേര്‍ മാത്രമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ആകെ മരണം 3,495 ആയി. 1,32000ത്തോളം പേര്‍ക്ക് രോഗം സ്ഥീകരിച്ചു. കാര്യങ്ങള്‍ നിയന്ത്രണ വിധേയമായ ചൈനയില്‍ 24 മണിക്കൂറിനിടെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. 82,295 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ചൈനയില്‍ 1,137 രോഗികള്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇറാനില്‍ മരണം 4,683 ആയി. ബെല്‍ജിയത്തില്‍ 4,157 പേരും നെതര്‍ലാന്‍ഡില്‍ 2,945 പേരും മരിച്ചു. തുര്‍ക്കിയില്‍ നാലായിരത്തിലേറേ പേര്‍ക്ക് ചൊവ്വാഴ്ച വൈറസ് സ്ഥിരീകരിച്ചു. 1,403 പേര്‍ ഇതുവരെ മരിച്ചു. ഇന്ത്യയില്‍ ഇതുവരെ 393 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ലോകത്താകെ കൊവിഡ് മുക്തരായവരുടെ എണ്ണം 4,78,503 ആയി വര്‍ധിച്ചു. 14 ലക്ഷത്തോളം രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതില്‍ 51,595 പേരുടെ ആരോഗ്യനില ഗുരുതരമാണ്.