• admin

  • June 26 , 2020

മംഗളൂരു : വിവാഹവാഗ്ദാനം നല്‍കി 20 യുവതികളുമായി ശാരീരികബന്ധം നടത്തി പിന്നീട് കൊലപ്പെടുത്തിയ കേസിലെ  പ്രതിക്ക് വധശിക്ഷ വിധിച്ചു. ബണ്ട്വാള്‍ കന്യാനയിലെ സയനൈഡ് മോഹന്‍ അഥവാ മോഹന്‍കുമാറി(56)നാണ് മംഗളൂരു അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി വ്യാഴാഴ്ച ജീവപര്യന്തം ശിക്ഷ വിധിച്ചത്. മുള്ളേരിയ കുണ്ടാര്‍ സ്വദേശിനിയായ പുഷ്പാവതി(25) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കാസര്‍കോട്ടെ ഒരു ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു ഇവര്‍. പുഷ്പാവതിക്ക് വിവാഹവാഗ്ദാനം നല്‍കിയ ശേഷം ജൂലായ് എട്ടിന് ഇയാള്‍ അവരോട് സുള്ള്യയിലെത്താന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് പുഷ്പാവതിയെയും കൂട്ടി ബെംഗളൂരുവിലെത്തിയ മോഹന്‍കുമാര്‍ അവിടെ ഹോട്ടലില്‍ മുറിയെടുത്ത് ശാരീരികമായി ബന്ധപ്പെട്ടു. ആഭരണങ്ങള്‍ അവിടെ അഴിച്ചുവെയ്പ്പിച്ചു. തുടര്‍ന്ന് അടുത്തുള്ള ബസ്സ്റ്റാന്‍ഡിലെത്തി. ഗര്‍ഭിണിയാകാതിരിക്കാനുള്ള ഗുളികയെന്ന് പറഞ്ഞ് സയനൈഡ് നല്‍കുകയായിരുന്നു. ബസ് സ്റ്റാന്‍ഡിലെ ടോയ്‌ലറ്റില്‍ കയറി ഗുളിക കഴിച്ച പുഷ്പാവതി അവിടെത്തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ബസ്സ്റ്റാന്‍ഡിലുണ്ടായിരുന്ന ഉപ്പാര്‍പേട്ട് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഇവരെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബസ് സ്റ്റാന്‍ഡില്‍നിന്ന് തിരികെ മുറിയിലെത്തിയ മോഹന്‍കുമാര്‍ പുഷ്പാവതിയുടെ ആഭരണങ്ങളുമെടുത്ത് നാട്ടിലേക്ക് മടങ്ങി. മൂന്നര മാസത്തിനുശേഷം 2009 ഒക്ടോബര്‍ 21ന് മോഹന്‍കുമാര്‍ മറ്റൊരു യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലാവുകയും ചോദ്യംചെയ്യലിനിടയില്‍ പുഷ്പാവതിയടക്കം 20 യുവതികളെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ പുറത്തുവരികയുമായിരുന്നു. 19 യുവതികളെ കൊലപ്പെടുത്തിയ കേസില്‍ നേരത്തേ ആറു കേസുകളില്‍ വധശിക്ഷയും 13 കേസുകളില്‍ ജീവപര്യന്തവും ശിക്ഷവിധിച്ചിരുന്നു. ഇതില്‍ ഒരു കേസില്‍ ഹൈക്കോടതി വധശിക്ഷ ശരിവെച്ചു. രണ്ടു കേസുകളിലെ വധശിക്ഷ ജീവപര്യന്തമായി ചുരുക്കി. ബാക്കിയുള്ള വധശിക്ഷാവിധികളില്‍ ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ടില്ല.