• Lisha Mary

  • April 1 , 2020

ആലപ്പുഴ : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഉണ്ടായേക്കാവുന്ന പച്ചക്കറി ക്ഷാമം മുന്നില്‍ കണ്ട് ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 30 ടണ്‍ പച്ചക്കറി സംഭരിച്ചു. കൃഷി ഭവനുകള്‍ക്ക് കീഴിലുള്ള പച്ചക്കറി ക്ലസ്റ്റര്‍, കര്‍ഷകര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആവശ്യമായ പച്ചക്കറി അതാത് കൃഷി ഭവനുകളുടെ നേതൃത്വത്തില്‍ സംഭരിക്കുക. ഇത്തരത്തില്‍ സംഭരിക്കുന്ന പച്ചക്കറിയുടെ വില പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വഴി കര്‍ഷകരിലെത്തിക്കും. കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ 14 ദിവസം കൊണ്ടാണ് 30 ടണ്‍ പച്ചക്കറി സംഭരിച്ചത്. ഇത്തരത്തില്‍ സംഭരിച്ച പഴം, പച്ചക്കറി എന്നിവ ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളിലൂടെ വിതരണം ചെയ്യും. കൂടുതലുണ്ടെങ്കില്‍ അവ സമീപ ജില്ലകള്‍ക്ക് നല്‍കും. സംസ്ഥാന തലത്തില്‍ 100 ടണ്‍ പച്ചക്കറിയാണ് ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ചതെന്ന് ഹോര്‍ട്ടികോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ ജെ. സജീവ് പറഞ്ഞു.