• admin

  • September 18 , 2021

തരിയോട് : ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് തരിയോട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തന കലണ്ടർ തയ്യാറായി. വൈസ് പ്രസിഡന്‍റ് സൂന നവീന്‍ കലണ്ടര്‍ പ്രകാശനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.കലണ്ടർ പ്രകാരം നിലവിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമേ ഇ-മാലിന്യം, മരുന്ന് സ്ട്രിപ്പുകൾ, കണ്ണാടി, കുപ്പി, ചില്ല്, പഴയ ചെരുപ്പ്, ബാഗ്, തുണി തുടങ്ങിയവയും ഹരിത കർമ്മ സേന വിവിധ മാസങ്ങളിലായി ശേഖരിക്കും. ഇവ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങളിലെത്തിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. സെറാമിക് മാലിന്യങ്ങൾ നിലവിൽ ശേഖരിക്കുന്നില്ല. ക്ലീന്‍ & ഗ്രീന്‍ തരിയോട് എന്ന ലക്ഷ്യത്തിലൂടെ മുമ്പോട്ട് പോകുന്ന തരിയോട് ഗ്രാമപഞ്ചായത്തില്‍ ഈ പദ്ധതിയിലൂടെ ഹരിതകർമ്മസേനയ്ക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനും അജൈവ മാലിന്യങ്ങൾ പൂർണമായും നീക്കംചെയ്യാനും സാധിക്കും. തരിയോട് ഗ്രാമപഞ്ചായത്തിൽ ഒൻപതാം വാർഡിലെ പാറയില്‍ കുര്യന്‍ എന്നിവരുടെ വീട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ രാധ പുലിക്കോട്, മെമ്പര്‍മാരായ പുഷ്പ മനോജ്, ബീന റോബിന്‍സണ്‍, സെക്രട്ടറി എം ബി ലതിക, ഹരിത കർമ്മസേന പ്രതിനിധികളായ ബീന ജോഷി, സുമ രാജീവന്‍, മിനി തുടങ്ങിയവർ സംസാരിച്ചു.വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഡി ജോയ്സി സ്വാഗതവും ഹരിത സഹായ സ്ഥാപന പ്രതിനിധി രാജേഷ് നന്ദിയും പറഞ്ഞു.