• admin

  • February 21 , 2020

: വാഷിങ്ടണ്‍: ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പുതിയ അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്തയാഴ്ച ഇന്ത്യയില്‍ എത്തുന്ന തന്നെ സ്വീകരിക്കാന്‍ 10 ദശലക്ഷം ആളുകള്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ട്രംപിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നവരെ കുറിച്ചുള്ള അഹമ്മദാബാദ് മുനിസിപ്പല്‍ ബോഡിയുടെ കണക്കുകള്‍ക്ക് പിന്നാലെയാണ് പുതിയ വാദവുമായി ട്രംപ് എത്തിയത്. ‘ഇന്ത്യയില്‍ തന്നെ സ്വീകരിക്കാന്‍ 10 ദശലക്ഷം ആളുകളുണ്ടാകുമെന്നാണ് മോദി എന്നെ അറിയിച്ചത്. ആറ് മുതല്‍ 10 ദശലക്ഷം വരെ ആളുകള്‍ ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കുള്ള വഴിയിലുടനീളം എത്തുമെന്നാണ് അറിഞ്ഞത്. 10 മില്യണ്‍ ആളുകളെയാണ് അഭിവാദ്യം ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. "അവിടെയൊരു പ്രശ്‌നമുണ്ട്. നമ്മള്‍ ഒരു പാക്ക്ഡ് ഹൗസ് ആണ്. നമുക്ക് ധാരാളം ആളുകളുണ്ട്. ആയിരക്കണക്കിന് ആളുകള്‍ക്ക് ഇപ്പോള്‍ നടക്കുന്ന ഈ പരിപാടിയിലേക്ക് പ്രവേശിക്കാന്‍ പോലും ആകുന്നില്ല. എന്നാല്‍ ഇന്ത്യയില്‍ 10 മില്യണ്‍ ആളുകള്‍ എത്തുന്ന ഒരു പരിപാടിയെ ഞാന്‍ അഭിസംബോധന ചെയ്യുന്നതോടെ ഇവിടെ കാണുന്ന ഈ ജനക്കൂട്ടത്തില്‍ ഞാന്‍ ഒരിക്കലും സംതൃപ്തനാകില്ല”, എന്നായിരുന്നു കൊളറാഡോ സ്പ്രിംഗ്‌സില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ട്രംപ് പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റിനെ അഭിവാദ്യം ചെയ്യാന്‍ ഒരു ലക്ഷത്തോളം പേര്‍ അണിനിരക്കുമെന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മീഷണര്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.