• admin

  • July 8 , 2020

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് നടന്നത് കേരളത്തിലായതിനാല്‍ കേന്ദ്രത്തോട് അന്വേഷണം അവശ്യപ്പെടേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. സിബിഐ അന്വേഷണം പ്രഖ്യാപിച്ച്‌ കുറ്റവാളികളെ പുറത്തുകൊണ്ടുവരണം. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരന്‍ ഉള്‍പ്പെട്ടതോടെ മുഖ്യമന്ത്രിക്ക് കേസില്‍ ഇടപെടാന്‍ പരിമിതിയായെന്നും രാജഗോപാല്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന കാര്യാലയത്തിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പരോക്ഷ നികുതി ബോര്‍ഡിനോട് ആരാഞ്ഞതായാണ് വിവരം. കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ വേറെ ഏജന്‍സി വേണോയെന്നും ആലോചനയുണ്ട്. കേസിലെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം കത്തയച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ധനമന്ത്രി വിശദാംശം ആവശ്യപ്പെട്ടത്.