• admin

  • February 22 , 2020

തിരുവനന്തപുരം :

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമായി. മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് സ്ഥാനാരോഹണ ചടങ്ങില്‍ നിന്നും വിട്ടു നിന്നത്.

നേരത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവിയിലേക്കുള്ള മല്‍സരത്തില്‍ സജീവമായി ശോഭയുടെയും രാധാകൃഷ്ണന്റെയും പേരുകള്‍ ഉയര്‍ന്നുകേട്ടിരുന്നു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ച മറ്റൊരു നേതാവാണ് എംടി രമേശ്. ഇതില്‍ രമേശും രാധാകൃഷ്ണനും പി കെ കൃഷ്ണദാസ് പക്ഷക്കാരാണ്. ശോഭ സുരേന്ദ്രനാകട്ടെ സംസ്ഥാനത്തെ ഒരു ഗ്രൂപ്പിലും ഇല്ല. പാര്‍ട്ടിയില്‍ സുരേന്ദ്രനെക്കാള്‍ സീനിയറാണ് ഇവര്‍

മുന്‍ സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരന് പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം നല്‍കാത്തതില്‍ ആര്‍എസ്എസിനും അതൃപ്തിയുണ്ട്. കുമ്മനത്തെ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എംടി രമേശ് റെയില്‍വേ സ്റ്റേഷനില്‍ കെ സുരേന്ദ്രനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.