• admin

  • February 7 , 2020

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്‌കരണം ഈ വര്‍ഷം നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഡിഎ കുടിശിക ഘട്ടങ്ങളായി അടുത്ത സാമ്പത്തിക വര്‍ഷം നല്‍കും. ഹൗസ്ബില്‍ഡിങ് അഡ്വാന്‍സ് സര്‍ക്കാര്‍ ജീവനക്കാരുടെ അഭിപ്രായം മാനിച്ച് സര്‍ക്കാര്‍ നേരിട്ടു നല്‍കുന്ന രീതിയില്‍ പുന:സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസിക്ക് പ്രത്യേക ധനസഹായമായി 1,000 കോടി രൂപ അനുവദിച്ചു. ജലഗതാഗത വകുപ്പിന് 111 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഇതില്‍ സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിന് 26 കോടി രൂപ വകയിരുത്തി. കോസ്റ്റല്‍ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് 75 കോടി രൂപ നീക്കിവച്ചു. ഭൂരഹിതര്‍ക്ക് ഭൂമിക്കു വേണ്ടിയും പണി തീരാത്ത വീടുകള്‍ പൂര്‍ത്തീകരിക്കാനും ലൈഫ് മിഷനുള്ള വിഹിതവും പഠനമുറികള്‍ക്കും വേണ്ടി പട്ടികജാതി ഉപപദ്ധതിയില്‍ 685 കോടി രൂപയും പട്ടികവര്‍ഗ്ഗ ഉപപദ്ധതിയില്‍ 247 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 2020-21ല്‍ ലൈഫ്മിഷനില്‍ നിന്നും 15000 പട്ടികജാതി കുടുംബങ്ങള്‍ക്കും 5000 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും വീട് നല്‍കും. വാഹന നികുതി വര്‍ധിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. കാറുകളുടെ നികുതി രണ്ടു ശതമാനവും ബൈക്കുകളുടേത് ഒരു ശതമാനവുമാണ് വര്‍ധിപ്പിക്കുക. പതിനഞ്ചു ലക്ഷത്തിനു മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് രണ്ടു ശതമാനം അധിക നികുതി ഈടാക്കും. രണ്ട് ലക്ഷത്തിനു മുകളില്‍ വിലയുള്ള ബൈക്കുകള്‍ക്ക് ഒരു ശതമാനം അധിക നികുതി നല്‍കണം. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആദ്യ അഞ്ചു വര്‍ഷം നികുതി ഒഴിവാക്കുമെന്നും പ്രഖ്യാപനമുണ്ട്. ക്ലീന്‍ എനര്‍ജി പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് ലേലം ചെയ്തു നല്‍കുന്ന ഫാന്‍സി നമ്പറുകളുടെ എണ്ണം കൂട്ടുമെന്നും ധനമന്ത്രി അറിയിച്ചു. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ ചെക് പോസ്റ്റുകള്‍ അടച്ചതോടെ അധികം വന്ന ജീവനക്കാരെ തദ്ദേശസ്ഥാപനങ്ങളിലേക്കു പുനര്‍ വിന്യസിക്കും. വീടുകള്‍ക്ക് അടുത്തുള്ള തദ്ദേശ സ്ഥാപനങ്ങളിലായിരിക്കും നിയമനം നല്‍കുക. കൊച്ചി മെട്രോ വിപുലീകരണത്തിനും ബജറ്റില്‍ നിര്‍ദേശമുണ്ട്. പേട്ട-തൃപ്പൂണിത്തുറ, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം -ഇന്‍ഫോപാര്‍ക്ക് എന്നീ മെട്രോ വിപുലീകരണ പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. 3025 കോടി രൂപയാണ് ഇതിനുളള ചെലവിനത്തില്‍ കണക്കാക്കുന്നത്. കോവളത്തെ ബേക്കലുമായി ബന്ധിപ്പിച്ചു കൊണ്ടുളള ജലപാത ഈ വര്‍ഷം യാഥാര്‍ത്ഥ്യമാക്കും. ഇതിനായി 682 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു.