• admin

  • January 4 , 2020

കാക്കനാട് : കാക്കനാട്: വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദ്ദേശിച്ചു. ജില്ലയിലെ വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കാലതാമസം അംഗീകരിക്കാന്‍ കഴിയില്ല. പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്ത ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ നീക്കം ചെയ്ത് പകരം ആ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചുമതല നല്‍കണം. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ കൂടുതലായി തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കൊണ്ട് വരണം. ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങള്‍ , പ്രായമേറിയവര്‍ എന്നിവരെ കുടുതലായി പരിഗണിക്കണം. ട്രാന്‍സ്‌ജെന്‍ഡര്‍മാരെ ഏത് വിഭാഗത്തില്‍പ്പെടുത്തണമെന്ന് അവരുടെ താല്‍പര്യമനുസരിച്ച് ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ വിവരം ശേഖരിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങുന്നതോടൊപ്പം പട്ടികവര്‍ഗക്കാര്‍ താമസിക്കുന്നിടങ്ങളില്‍ പ്രത്യേക ക്യാമ്പുകളും നടത്തണം. കന്നി വോട്ടര്‍മാരെ ചേര്‍ക്കുന്നതിനായി പ്രത്യേക പ്രചാരണം നടത്തണം. ഇതിനായി വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. താലൂക്ക് അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ച് ഇക്കാര്യങ്ങള്‍ വിശദീകരിക്കണം. അതോടൊപ്പം ബൂത്ത് ലെവല്‍ ഏജന്റുമാരില്ലാത്തിടത്ത് ഏജന്റുമാരെ വക്കാനും നിര്‍ദ്ദേശം നല്‍കണം. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ നിഷ്പക്ഷമായും അഭിമാന ബോധത്തോടെയും പ്രവര്‍ത്തിക്കണം. എറണാകുളം ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ്. അസി. കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ ആര്‍. രേണു എന്നിവരും ജില്ലയിലെ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു. ദേശീയ വോട്ടര്‍ ദിനമായ ജനുവരി 25 ന് തദ്ദേശ സ്ഥാപനങ്ങളും ശുചിത്വമിഷനുമായി ചേര്‍ന്ന് ജില്ലയില്‍ ഹരിത തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനിച്ചു. ഓരോ താലൂക്കുകളിലും വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തഹസില്‍ദാര്‍മാര്‍ യോഗത്തില്‍ വിശദീകരിച്ചു.