• Lisha Mary

  • April 10 , 2020

കല്‍പ്പറ്റ : അവശ്യസാധനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം നിശ്ചയിച്ചതിനേക്കാള്‍ വില കൂട്ടിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അറിയിച്ചു. ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി റവന്യൂ, സിവില്‍ സപ്ലൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ 821 പരിശോധനകളിലായി ഇത്തരത്തിലുളള 124 കേസുകള്‍ കണ്ടെത്തി. 80000 രൂപ പിഴ ചുമത്തി. വിലവര്‍ദ്ധനവിനെതിരെ പരിശോധന തുടര്‍ന്നും കര്‍ശനമാക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ 92 ശതമാനം ആളുകള്‍ക്ക് റേഷന്‍ വിതരണം ചെയ്തു. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് അധാര്‍ കാര്‍ഡ് മുഖേന അരി വിതരണം ചെയ്യുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചന്‍ മുഖേന 1093 പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി. ഇരുപത്തിയാറു പഞ്ചായത്തുകളില്‍ 1422 പേര്‍ക്ക് സഹായ വിലയ്ക്ക് ഭക്ഷണം നല്‍കി. കോഴി വില പുനര്‍നിശ്ചയിക്കാന്‍ ഇന്ന് യോഗം ചേരും. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വിലയില്‍ കോഴി വില്‍പ്പന നടത്താന്‍ സാധിക്കില്ലെന്ന വില്‍പ്പനക്കാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് യോഗം ചേരുന്നത്.