• Lisha Mary

  • April 8 , 2020

തിരുവനന്തപുരം : കോവിഡ് 19 മായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം. സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യമേഖലയിലെയും ഡോക്ടര്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് ഫെബ്രുവരി ആദ്യവാരം തന്നെ പ്രാഥമിക പരിശീലനം നല്‍കിയിരുന്നു. ഇതില്‍ പേര്‍സണല്‍ പ്രൊട്ടക്ഷന്‍ എക്വിപ്‌മെന്റ് ഉപയോഗം, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്ലിനിക്കല്‍ മാനേജ്‌മെന്റ് എന്നിവയിലായിരുന്നു പരിശീലനം നല്‍കിയത് . തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കുള്ള വിദഗ്ധ പരിശീലനം മാര്‍ച്ച് 29 ന് ആരംഭിച്ചു. 7 വിഷയങ്ങള്‍ അടങ്ങുന്ന ഇന്റന്‍സ് കെയര്‍ യൂണിറ്റ് ട്രെയിനിങ് ആണ് ഈ മേഖലയില്‍ ഡോക്ടര്‍മാര്‍ക്ക് പരിശീലനമായി നല്‍കുന്നത്. 10 ബാച്ചുകളിലായി 200 ഡോക്ടര്‍മാര്‍ക്കാണ് ഇതിലൂടെ പരിശീലനം ലഭിക്കുന്നത്. ഇതുവരെ 9 ബാച്ചുകളുടെ പരിശീലനം പൂര്‍ത്തിയായി. ഫിസിഷ്യന്‍, അനസ്‌തേഷ്യാ വിദഗ്ധന്‍ ശ്വാസകോശ വിദഗ്ധന്‍ എന്നിവരായിട്ടുള്ളവര്‍ക്ക്, വെന്റിലേറ്റര്‍ മാനേജ്‌മെന്റില്‍ പ്രത്യേക പരിശീലനം നല്‍കുമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പരിശീലനത്തിന്റെ ചുമതലയുള്ള ഡോ.സുകേഷ് രാജ് പറഞ്ഞു. ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍, സ്വകാര്യ ആശുപത്രികള്‍, സ്വകാര്യ ക്ലിനിക്കുകള്‍ സഹിതം 195 സ്ഥാപനങ്ങളെ കൂട്ടിയോജിപ്പിച്ചാണ് പരിശീലന പരിപാടി നടത്തിവരുന്നത്. പ്രാഥമിക പരിശീലനത്തില്‍ ഉള്‍പ്പെടുന്ന പേര്‍സണല്‍ പ്രൊട്ടക്ഷന്‍ സംവിധാനങ്ങളുടെ ഉപയോഗം, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ എന്നിവയിലുള്ള പരിശീലനം നല്‍കി കഴിഞ്ഞു. ഓരോ സ്ഥാപനങ്ങളിലും ഓരോ നോഡല്‍ ഓഫീസര്‍മാരെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നു. ശേഷം വിദഗ്ദ്ധ പരിശീലനത്തിനായി വെന്റിലേറ്റര്‍, ഐ.സി.യു മാനേജ്‌മെന്റ് എന്നിവയില്‍ വൈദഗ്ധ്യമുള്ള 25 ഡോക്ടര്‍മാരെ വെച്ച് അനസ്‌തേഷ്യ വിദഗ്ധര്‍, ശ്വാസകോശ വിദഗ്ധര്‍, ഫിസിഷ്യന്‍ എന്നിവരായുള്ള 221 ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരിശീലനം നല്‍കുന്നതെന്നും എല്ലാ ദിവസവും ഇത്തരത്തിലുള്ള പരിശീലന ക്ലാസ്സുകള്‍ നടന്നു വരുന്നുവെന്നും സ്വകാര്യ ഡോക്ടര്‍മാരുടെ പരിശീലനത്തിന്റെ ചുമതലയുള്ള ഡോ.പ്രവീണ്‍ കെ.എസ് പറഞ്ഞു. ഏതൊരു അടിയന്തരഘട്ടത്തെയും മറികടക്കാനുള്ള വൈദഗ്ധ്യം സ്വായത്തമാക്കാനുള്ള പരിശീലനങ്ങളാണ് ജില്ലയിലെ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നത്.