• admin

  • March 3 , 2020

ന്യൂഡല്‍ഹി :

ഡല്‍ഹി കലാപത്തെ ചൊല്ലി തുടര്‍ച്ചയായ രണ്ടാംദിവസവും ഭരണ- പ്രതിപക്ഷാംഗങ്ങള്‍  തമ്മില്‍ ലോക്‌സഭയില്‍ ഏറ്റുമുട്ടി. ഡല്‍ഹി കലാപത്തെ കുറിച്ച് ഉടന്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. പ്രതിഷേധം മറുപക്ഷത്തേയ്ക്ക് നീങ്ങരുതെന്ന സ്പീക്കറുടെ കര്‍ശന നിര്‍ദേശം മറികടന്ന് മുന്നേറിയ പ്രതിപക്ഷാംഗങ്ങളെ തടയാന്‍ ഭരണപക്ഷാംഗങ്ങള്‍ ശ്രമിച്ചതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. തുടര്‍ന്ന് സഭ നാളത്തേയ്ക്ക് പിരിഞ്ഞു.

കഴിഞ്ഞ ദിവസത്തെ നാടകീയ സംഭവങ്ങള്‍ ഇന്നും ആവര്‍ത്തിക്കുന്നതാണ് സഭയില്‍ കണ്ടത്. ഉച്ചയ്ക്ക് ശേഷം സഭ ചേര്‍ന്നപ്പോള്‍, ഡല്‍ഹി കലാപത്തെ കുറിച്ച് ഹോളി കഴിഞ്ഞ് മാര്‍ച്ച് 11ന് ചര്‍ച്ച നടത്താമെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സ്പീക്കര്‍ സഭയെ അറിയിച്ചു. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാതിരുന്ന പ്രതിപക്ഷം കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ നടുത്തളത്തില്‍ ഇറങ്ങി. ഇന്ന് തന്നെ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളേന്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയത്. 

കഴിഞ്ഞ ദിവസം മറുപക്ഷത്തേയ്ക്ക്  പ്രതിഷേധം നീങ്ങുന്നതിനെതിരെ സ്പീക്കര്‍ ഓം ബിര്‍ള ഭരണ-പ്രതിപക്ഷാംഗങ്ങള്‍ക്ക് കര്‍ശന താക്കീത് നല്‍കിയിരുന്നു. ഇന്നും പ്രതിപക്ഷാംഗങ്ങള്‍ ഇത് ആവര്‍ത്തിച്ചപ്പോള്‍ ഭരണപക്ഷം ഇതിനെ എതിര്‍ക്കാന്‍ രംഗത്തുവന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിലാണ് ഭരണപക്ഷാംഗങ്ങള്‍ പ്രതിപക്ഷത്തെ തടയാന്‍ ശ്രമിച്ചത്. ഇതാണ് അംഗങ്ങള്‍ തമ്മിലുളള ഉന്തുംതളളിലും കലാശിച്ചത്. അതിനിടെ കഴിഞ്ഞദിവസത്തെ പോലെ കോണ്‍ഗ്രസ് അംഗം രമ്യാഹരിദാസിനെ തടയാന്‍ ശ്രമിച്ചത് ബിജെപി എംപിയുമായുളള കയ്യാങ്കളിയില്‍ കലാശിച്ചു. അതിനിടെ ബാങ്കിങ് റെഗുലേഷന്‍ ബില്ലിനെതിരെയും പ്രതിപക്ഷം പ്രതിഷേധിച്ചു. ബില്ലിന്റെ പകര്‍പ്പ് പ്രതിപക്ഷാംഗങ്ങള്‍ കീറിയെറിഞ്ഞത് സഭയെ പ്രക്ഷുബ്ധമാക്കി.