• Lisha Mary

  • April 10 , 2020

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയതിന് സംസ്ഥാനത്ത് പിടിച്ചെടുത്തത് 27,000 ലേറെ വാഹനങ്ങള്‍. പിടികൂടിയ വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ തിരികെ നല്‍കും. ഇവര്‍ക്ക് പിഴ പോലീസ് സ്റ്റേഷനില്‍ നല്‍കണോ എന്ന കാര്യത്തിലും തിങ്കളാഴ്ച തീരുമാനമുണ്ടാകും. ഇക്കാര്യത്തില്‍ പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്. പോലീസ് സ്റ്റേഷന്‍ വളപ്പില്‍ വാഹനങ്ങള്‍ കുന്നുകൂടിയ സാഹചര്യത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ കേസും കോടതി നടപടികളും തുടരുമെന്ന് പോലീസ് അറിയിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ റോഡിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടിയതോടെ, നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരവും കേസെടുക്കാന്‍ തുടങ്ങിയിരുന്നു.