• Lisha Mary

  • April 10 , 2020

ന്യൂഡല്‍ഹി : രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചന നല്‍കി കേന്ദ്ര ആരോഗ്യതമന്ത്രി ഹര്‍ഷവര്‍ധന്‍. ലോക്ക്ഡൗണ്‍ സാമൂഹികപ്രതിരോധ കുത്തിവയ്പാണ്. രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന നിയന്ത്രിക്കാന്‍ മൂന്നാഴ്ചയെങ്കിലും സമയം വേണം. സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നൂറ് ശതമാനം ഫലപ്രദമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 4100 കോടി നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ഐസിഎംആര്‍ ലാബുകളില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.