• Lisha Mary

  • March 8 , 2020

തിരുവനന്തപുരം : ഏതെങ്കിലും രോഗലക്ഷണങ്ങളുള്ളവര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തില്‍ അഞ്ച്പേരില്‍ കൂടി കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം. പുതിയ പോസിറ്റീവ് കേസുകള്‍ വന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. തടസ്സമില്ലാതെ പൊങ്കാല നടക്കും. എന്നാല്‍ ശ്വാസ തടസ്സം, ചുമ, പനി തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാലയില്‍ പങ്കെടുക്കരുതെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് പൊങ്കാലയിടാനായി വന്നിട്ടുള്ളവര്‍ വീട്ടില്‍ തന്നെ പൊങ്കാല ഇടുന്ന രീതിയിലേക്ക് മാറണം. അത്തരത്തിലെത്തിയവര്‍ ആറ്റുകാല്‍ പൊങ്കാല നടക്കുന്ന സ്ഥലങ്ങളിലേക്ക് വരാതിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. പൊങ്കാലയില്‍ പങ്കെടുക്കുന്നതിനായി ഹോട്ടലുകളില്‍ എത്തിയിട്ടുള്ള വിദേശികളെ കുറിച്ച് തിരുവനന്തപുരം ജില്ലാകളക്ടര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗപ്രതിരോധത്തിന്റെ ഭാഗമായി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാകളക്ടര്‍ വിശദീകരിച്ചു. ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരുമുള്‍പ്പെടുന്ന 23 സംഘങ്ങളെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇവരെ നേരത്തെ തന്നെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വിന്യസിക്കും. 12 ആംബുലന്‍സ്, അഞ്ച് ബൈക്ക് ആംബുലന്‍സ് എന്നിവ സജ്ജമാണ്. പൊങ്കാല നടക്കുന്ന ഒരോ വാര്‍ഡിലും പ്രദേശവാസികളെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക സംഘങ്ങളെ തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ തങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ചെന്ന് ആര്‍ക്കെങ്കിലും പനി, ജലദോഷം, ചുമ, ശ്വാസതടസ്സം, വിദേശത്തു നിന്ന് വന്നവര്‍ എന്നിങ്ങനെയുള്ളവരെ കണ്ടെത്താനുള്ള ശ്രമം നടത്തും. പൊങ്കാല നടക്കുന്ന സമയങ്ങളില്‍ ഇവിടെയെല്ലാം വീഡിയോ ചിത്രീകരണം ഉണ്ടാകും. ഭാവിയില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ പിന്നീട് വന്നാല്‍ ഇവരുമായി ഇടപഴകിയവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍, സമീപ ക്ഷേത്രങ്ങള്‍, ആറ്റുകാല്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ വിവധ ഭാഷകളില്‍ ബോധവത്കരണത്തിനായി അറിയിപ്പുകള്‍ നല്‍കും. ഇതിന് പുറമെ ലഘുലേഖകള്‍ വിതരണം ചെയ്യും. വിദേശത്തുനിന്ന് എത്തിയവര്‍ താമസിക്കുന്ന ഹോട്ടലുകളില്‍ തന്നെ അവര്‍ക്കായി പൊങ്കാല ഇടാന്‍ സൗകര്യം ഒരുക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ നിശ്ചിത ഇടവേളകളില്‍ അറിയിപ്പുകള്‍ നല്‍കും. മാത്രമല്ല ക്യൂ നിയന്ത്രിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള ബാരിക്കേഡുകളില്‍ നിശ്ചിത ഇടവേളകളില്‍ അണുനാശിനികള്‍ പ്രയോഗിക്കും. ആശയവിനിമയത്തിന് തകരാറുകള്‍ ഉണ്ടായാല്‍ ഉപയോഗിക്കാന്‍ എല്ലാ ആംബുലന്‍സുകളിലും ഹാം റേഡിയോ ഉപയോഗിക്കുമെന്നും കളക്ടര്‍ പറഞ്ഞു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാലയിടാന്‍ എത്താതെ വീട്ടില്‍ വെച്ച് തന്നെ പൊങ്കാല ഇടാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.