• Lisha Mary

  • March 6 , 2020

തിരുവനന്തപുരം: : മിന്നല്‍ പണിമുടക്ക് നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കളക്ടറുടെ റിപ്പോര്‍ട്ട് ലഭിക്കും അതിന് അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശുപാര്‍ശകള്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ജനങ്ങളെ വലച്ചത് അപ്രഖ്യാപിത മിന്നല്‍ പണിമുടക്കാണ്. സര്‍ക്കാരിന്റെ നയമല്ല മിന്നല്‍ പണിമുടക്ക്. അത് സര്‍ക്കാരിനെ നയിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ നയവുമല്ല, ഇന്നത്തെ നിലയില്‍ ശരിയായ സമരരൂപവുമല്ല. പണിമുടക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശമുള്ളപ്പോള്‍ അവര്‍ക്ക് ബസ് സ്റ്റാന്‍ഡില്‍ പോയി ബസ് അവിടെ ഏല്‍പ്പിച്ചതിന് ശേഷം പണിമുടക്കില്‍ പങ്കെടുക്കുന്നതിനും ആക്ഷേപമില്ല. മറിച്ച് അതൊരു സ്തംഭനം പോലെ ആയതുകൊണ്ടാണ് യാത്രാദുരിതം ഉണ്ടായത്. അതിന്റെ ഫലമായാണ് ഒരു മരണവും ഉണ്ടായത്. റോഡ് ഗതാഗത നിയമങ്ങളുടെ ലംഘനമാണ് ഉണ്ടായത്. ഇതിനെതിരെ നിയമാനുസൃത നടപടികളെടുക്കാന്‍ കണ്ടെത്തലുകളുടെ ആവശ്യമില്ല. പോലീസ് ഇപ്പോള്‍ തന്നെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എസ്മയോട് സര്‍ക്കാരിന് അനുകൂല നിലപാടല്ല ഉള്ളതെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. പൊതുവെ എസ്മയെന്ന നിയമം പ്രോത്സാഹിപ്പിക്കുന്ന നയമല്ല സര്‍ക്കാരിനുള്ളത്. ഇതിന് മുമ്പും ഇതുപോലെ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുകയും ബസുകള്‍ റോഡില്‍ നിര്‍ത്തിയിടുകയും ചെയ്തിരുന്നു. അന്ന് സമരം നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തൊഴിലാളികളോടും തൊഴിലാളി പ്രസ്ഥാനങ്ങളോടും താല്പര്യമുള്ള സര്‍ക്കാര്‍ അവരില്‍ നിന്ന് പിഴ ഈടാക്കേണ്ട എന്ന നയമാണ് സ്വീകരിച്ചത്. ഫലത്തില്‍ കോടതി നല്‍കിയ ഉത്തരവ് നിലവിലുണ്ട്. എന്നാല്‍ അതുമായി എങ്ങനെ മുന്നോട്ട് പോകണമെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ചതിന് ശേഷം മാത്രമേ തീരുമാനിക്കൂവെന്നും മന്ത്രി പറഞ്ഞു.