• admin

  • February 14 , 2020

തിരുവനന്തപുരം : വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് കടത്തും ഉപയോഗവും ഇന്ന് വലിയൊരു സാമൂഹ്യവിപത്തായി മാറിയിരിക്കുകയാണ്. ഇതിന് പിന്നിലുളളവരെ പിടികൂടുക അതീവശ്രമകരവും. മയക്കുമരുന്നുകളുടെ വിതരണത്തെക്കുറിച്ചുള്ള രഹസ്യ വിവരശേഖരണം മയക്കുമരുന്നിനെതിരായ പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ്. മയക്കുമരുന്ന് മാഫിയയുടെ പ്രതികാര നടപടിയെ ഭയന്ന് പൊതുജനങ്ങള്‍ ഇത്തരം രഹസ്യങ്ങള്‍ പങ്കുവയ്ക്കാന്‍ സന്നദ്ധരാകുകയുമില്ല. വിവരങ്ങള്‍ നല്‍കുന്നത് അപകടമാണെന്ന ചിന്തയാണ് പൊതുജനങ്ങള്‍ക്കുളളത്. ഇതിനൊരു പരിഹാരം കാണുന്നതിനുളള തീവ്രശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. പൊതുജനങ്ങളുടെ മനോഭാവം മാറ്റി മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പൊലീസുമായി പങ്കിടുന്നതിന് ഒരു വേദി ഒരുക്കുകയാണ് സര്‍ക്കാര്‍. ഇതിനായി 'യോദ്ധാവ്' എന്ന മൊബൈല്‍ ആപ്പ്' തയ്യാറായി കഴിഞ്ഞു. യോദ്ധാവ് എന്ന വാട്‌സ് ആപ്പ് പ്ലാറ്റ്‌ഫോമിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉപയോക്താക്കള്‍ക്ക് പ്ലേസ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ യോദ്ധാവ് ആപ് ഡൗണ്‍ലോഡു ചെയ്യേണ്ടതില്ല. മറ്റേതൊരു വാട്ട്സ്ആപ്പ് സന്ദേശത്തെയും പോലെ യോദ്ധാവ് നമ്പറിലേക്ക് അയക്കാവുന്നതാണ്. 15 ന് രാവിലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ഫോപാര്‍ക്ക് ടി.സി.എസ് ഓഡിറ്റോറിയത്തില്‍ 'യോദ്ധാവ്' മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനം നിര്‍വഹിക്കും. യോദ്ധാവ് ആപ്പിലേക്ക് സന്ദേശം അയക്കുന്നതിനുളള വാട്ട്സ്ആപ്പ് നമ്പറും ഉദ്ഘാടന വേളയില്‍ പ്രഖ്യാപിക്കും.