• Lisha Mary

  • April 8 , 2020

: മുംബൈ: കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നടപടികള്‍ കടുപ്പിച്ച് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുഖാവരണം നിര്‍ബന്ധമാക്കി. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ബൃഹന്‍ മുംബൈ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188-ാം വകുപ്പ് അനുസരിച്ച് പിഴയും അറസ്റ്റ് വരെയും ചുമത്തുമെന്ന് ബൃഹന്‍ മുംബൈ കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ആയിരധിലധികം പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ മുംബൈ നഗരത്തെയും ഏറ്റവും വലിയ പ്രഭവകേന്ദ്രമായി കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് കോവിഡിനെ പ്രതിരോധിക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ആശുപത്രി, തെരുവ്, മാര്‍ക്കറ്റ് എന്നിങ്ങനെ പൊതു സ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ നിര്‍ബന്ധമായി മുഖാവരണം ധരിക്കണം. വ്യക്തിഗത വാഹനങ്ങളിലോ ഔദ്യോഗിക വാഹനങ്ങളിലോ പുറത്തിറങ്ങുന്നവര്‍ക്കും ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.